മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ജനപ്രിയ സിനിമയാണ്. 2019ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്ന് രജനീകാന്തിനെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളിൽ നിന്ന് രൂപപ്പെട്ടതാണെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
സ്റ്റീഫൻ നെടുമ്പള്ളി (മോഹൻലാൽ), മുഖ്യമന്ത്രി പി. കെ. രാംദാസിന്റെ (സച്ചിൻ ഖേദേക്കർ) മൃതദേഹം പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നുണ്ട്. രാംദാസിന്റെ മകൾ പ്രിയദർശിനി (മഞ്ജു വാര്യർ) സ്റ്റീഫന്റെ വരവിനെ എതിർക്കുന്നു. അവരുടെ ആഗ്രഹപ്രകാരം, ആക്ടിങ് മുഖ്യമന്ത്രി മഹേശ് വർമ (സായ് കുമാർ) സ്റ്റീഫനെ തടയാൻ പൊലീസിനോട് നിർദ്ദേശിക്കുന്നു. തുടർന്ന് സ്റ്റീഫൻ കാറിൽ നിന്ന് ഇറങ്ങി ബാക്കി ദൂരം നടന്ന് പോകുന്നത് കാണാം. ലൂസിഫറിലെ ഏറ്റവും രോമാഞ്ചജനകമായ നിമിഷങ്ങളിൽ ഒന്നായ ഈ രംഗം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രംഗമാണ് രജനീകാന്തിനെക്കുറിച്ച് വായിച്ചറിഞ്ഞതിൽനിന്ന് രൂപപ്പെട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞു.
ബിഹൈൻഡ്‌വുഡ്‌സുമായുള്ള സംഭാഷണത്തിലാണ് പൃഥ്വിരാജ് ഇത് വെളിപ്പെടുത്തിയത്. അന്നത്തെ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് വഴിയൊരുക്കാൻ വേണ്ടി രജനീകാന്തിന്റെ കാർ തടഞ്ഞുനിർത്തി എന്ന വാർത്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ രംഗമെന്ന് അദ്ദേഹം പറയുന്നു. താൻ വായിച്ചതിന്റെ വിശദാംശങ്ങളിലേക്ക് പൃഥ്വിരാജ് കടന്നില്ലെങ്കിലും അതിന്റെ ആധികാരികതയെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്നും കൂട്ടിച്ചേർത്തു.
സംഭവം 2008-ലോ 2009-ലോ നടന്നതായിയാണ് കരുതുന്നത്. കാർ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട്, ഗതാഗതം പുനഃസ്ഥാപിക്കാൻ എത്ര സമയമെടുക്കുമെന്ന് രജനീകാന്ത് ചോദിച്ചതായും, തന്നെ മനഃപൂർവ്വം തടഞ്ഞതാണോ എന്നും സംശയിച്ചതായും റിപ്പോർട്ടുണ്ട്. പിന്നീട് രജനി കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയെന്നാണ് വിവരം. സൂപ്പർസ്റ്റാറിനെ കണ്ടപ്പോൾ വലിയ ജനക്കൂട്ടം പെട്ടെന്ന് തടിച്ചുകൂടി. ഇത് പൊലീസിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, തുടർന്ന് രജനീകാന്തിന്റെ കാർ കടന്ന് പോകാൻ അനുവദിച്ചതായി പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.