'കടുവ'യെചൊല്ലിയുള്ള വിവാദങ്ങൾക്ക്​ വിരാമം; കുറുവാച്ചനായി പൃഥ്വി എത്തും, സംവിധാനം ഷാജി കൈലാസ്​

'കടുവ' സിനിമയെചൊല്ലി മാസങ്ങളായി നിലനിന്ന വിവാദങ്ങൾക്ക്​ വിരാമം. ഹൈകോടതി വിധിയോടെയാണ്​ സിനിമയുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്​. സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമക്ക്​ ജില്ലാ കോടതി ഏർപ്പെടുത്തിയ വിലക്ക്​ ഹൈകോടതി ശരിവച്ചു. നേരത്തെ കേസ്​ പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം സ്റ്റേ ചെയ്തിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്നായിരുന്നു കോടതിവിധി.

2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിയിരുന്നു. 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് സുരേഷ്​ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്​. കഥാപാത്രത്തി​െൻറ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി ചിത്രത്തി​െൻറ അണിയറക്കാരാണ്​ ജില്ല കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്​. ആറുമാസമായി നീണ്ടു നിന്ന കേസിനാണ് നിലവിൽ വിരാമമായത്. വിധിയോടെ ഷാജി കൈലാസ്-പൃഥ്വിരാജ്​​ ചിത്രത്തിനാണ്​ കളമൊരുങ്ങുന്നതെന്നാണ്​ സൂചന.

കടുവ വിവാദം

ഒരു മനുഷ്യനെ കേന്ദ്രീകരിച്ച്​ രണ്ട്​ സിനിമകൾ. രണ്ട്​​ സിനിമയുടേയും അണിയറയിൽ വമ്പൻമാർ. സിനിമ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന്​ വെല്ലുവിളിയുമായി ഇപ്പോഴും ജീവിച്ചിരിക്കുന്ന യഥാർഥ കഥാപാത്രം. മലയാള സിനിമയിൽ വലിയൊരു താരയുദ്ധത്തിനാണ്​ കളമൊരുങ്ങിയിരിക്കുന്നത്​. കഥാനായകൻ പാല പൂവരണിക്കാരനായ കുരുവിനാക്കുന്നിൽ കുറുവച്ചനാണ്​. സിനിമകളേക്കാൾ ഉ​ദ്വേഗഭരിതമായ ജീവിതമായിരുന്നു കുറുവച്ച​െൻറത്​. ഇതറിഞ്ഞ സിനിമക്കാർ അദ്ദേഹത്തെ യഥാർഥ സിനിമയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പ്രഖ്യാപിച്ചത്​​. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്​തു. സുരേഷ്​ ഗോപിയുടെ 250ാം ചിത്രമാണ്​ വരാനിരിക്കുന്നത്​. ടോമിച്ചൻ മുളകുപാടമായിരുന്നു​ നിർമാതാവ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.