താൻ കണ്ടതിൽവെച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി അമ്മ മല്ലിക സുകുമാരനാണെന്ന് പൃഥ്വിരാജ്. അച്ഛൻ മരിച്ചതിന് ശേഷം അമ്മ എന്ത് ചെയ്യുമെന്ന് താൻ ആലോചിച്ചിരുന്നുവെന്നും അതിന്റെ ഉത്തരമാണ് ഇന്ന് ഇവിടെ നിൽക്കുന്ന താനും സഹോദരനുമെന്നും പൃഥ്വിരാജ് പറഞ്ഞു. അഭിനയജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലികാ സുകുമാരനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു അമ്മയെക്കുറിച്ച് വൈകാരികമായി സംസാരിച്ചത്. നിറകണ്ണുകളോടെയാണ് പൃഥ്വിയുടെ വാക്കുകൾ മല്ലിക സുകുമാരനും സഹോദരനും നടനുമായ ഇന്ദ്രജിത്തും കേട്ടിരുന്നത്.
'എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞേ മറ്റൊരു ശക്തിയുള്ളൂ. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ച് ഞങ്ങൾ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റക്ക് ഒരു വണ്ടിയിലാണ് വന്നത്. ഞാനും ചേട്ടനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിച്ചത് അമ്മയെക്കുറിച്ചായിരുന്നു. ഇനി അമ്മ എന്ത് ചെയ്യുമെന്നായിരുന്നു ആലോചന. ഇത് ഞാൻ ചേട്ടനോട് പറയുകയും ചെയ്തിരുന്നു. പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും.
സ്വന്തം കർമ മേഖലയിൽ, അത് സിനിമ അല്ല ഏതു തൊഴിൽ മേഖലയിൽ ആയാലും അതിൽ 50 വർഷക്കാലം സജീവമായി പ്രവർത്തിക്കുക എന്ന് പറയുന്നത് വളരെ ചുരുക്കം ആൾക്കാർക്ക് മാത്രം കിട്ടുന്ന അപൂർവമായ ഭാഗ്യമാണ്. പ്രത്യേകിച്ച് 50 വർഷക്കാലം സിനിമയിൽ സജീവമായി നിൽക്കുക എന്നത് ഒരു അതിശയമാണ്. അത് സിനിമയിൽ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഞങ്ങൾ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങൾ പുറകോട്ട് നോക്കുമ്പോൾ മനസ്സിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്.
അമ്മയുടെ ടാലന്റ് വച്ച് ഇനിയും സിനിമയിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതൊക്കെ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയിൽ ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ 41 വർഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. ഞാൻ ആ വിഡിയോയിൽ പറഞ്ഞതുപോലെ അമ്മയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി'- പൃഥ്വിരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.