മലയാള ചലച്ചിത്രലോകത്തെയാകെ സങ്കടത്തിലാഴ്ത്തിയാണ് ഈ വർഷത്തെ ക്രിസ്മസ് ദിനം കഴിഞ്ഞ് പോയത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തിന് പ്രതീക്ഷ നൽകിയ അനിൽ നെടുമങ്ങാട് എന്ന നടന്‍റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്.
അനിലിന്‍റെ കരിയറിൽ വഴിത്തിരിവായ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ സി.ഐ സതീഷ് എന്ന കഥാപാത്രം സമ്മാനിച്ച സച്ചിയുടെ ജന്മദിവസം തന്നെയായിരുന്നു അനിലിന്‍റെയും മരണമെന്നത് യാദൃശ്ചികതയായി മാറി. ഇപ്പോൾ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ഇരുവരെയും ഓർമിക്കുകയാണ് ചിത്രത്തിലെ നായകൻമാരിൽ ഒരാളായ പൃഥ്വിരാജ്.
'ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്... നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി' -പൃഥ്വി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സംവിധായകൻ സച്ചിയെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കകമാണ് നടൻ അനിൽ നെടുമങ്ങാട് വിടവാങ്ങിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അനിൽ നെടുമങ്ങാടിന്‍റെ പോസ്റ്റ്. വൈകീട്ട് ആറോടെ ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലെ കയത്തിൽ താരം മുങ്ങിമരിക്കുകയായിരുന്നു.
'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്.ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ ....ഷൂട്ടിനിടയിൽ ഒരു ദിവസം എേന്റതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്‍റ് എന്‍റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സി.ഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു' -അനിൽ ഫേസ്ബുക്കിൽ കുറിച്ചു.
ജോജു നായകനാവുന്ന 'പീസ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.