15-ാം നാൾ 1500 കോടി! ബോക്സ് ഓഫിസിൽ പുഷ്പരാജിന്‍റെ ‘റൂൾ’; കലക്ഷൻ റെക്കോഡ് തകർത്ത് മുന്നേറ്റം

ല്ലു അർജുൻ നായക വേഷത്തിലെത്തിയ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. റിലീസായി 15-ാം നാൾ ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫിസ് കലക്ഷൻ 1500 കോടി രൂപ പിന്നിട്ടതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നത്. 1500 കോടി കലക്ഷൻ അതിവേഗത്തിൽ നേടുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോഡും പുഷ്പയുടെ പേരിലായി. വ്യാഴാഴ്ച വൈകിട്ടോടെ ഇന്ത്യയിൽനിന്ന് മാത്രം 980 കോടി സ്വന്തമാക്കിയ ചിത്രം ലോകവ്യാപകമായി 1508 കോടി കലക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.

‘ബോക്സ് ഓഫിസിലെ ചരിത്രപരമായ ഭരണം തുടരുന്നു. ആഗോള തലത്തിൽ 14 ദിവസം കൊണ്ട് 1500 കോടിയിലേറെ കലക്ഷൻ നേടിയ ‘പുഷ്പ 2 ദ റൂൾ’, ഈ നേട്ടത്തിൽ ഏറ്റവും വേഗത്തിലെത്തിയ ഇന്ത്യൻ സിനിമ കൂടിയായിരിക്കുന്നു. 1508 കോടി പിന്നിട്ടിരിക്കുന്നു. നിങ്ങളുടെ ടിക്കറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ’ -ചിത്രത്തിന്‍റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് എക്സിൽ കുറിച്ചു.

വ്യാഴാഴ്ച മാത്രം വൈകിട്ട് ഏഴ് മണിവരെ പുഷ്പ 2 10.95 കോടി കലക്ഷൻ നേടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ഇന്ന് 18.21 ശതമാനവും ഹിന്ദി പതിപ്പിന് 14.55 ശതമാനവുമാണ് പ്രീബുക്കിങ്. തെലുങ്കിൽ 1200 സ്ക്രീനുകളിലും ഹിന്ദിയിൽ 6000 സ്ക്രീനുകളിലുമാണ് നിലവിൽ പ്രദർശനം നടക്കുന്നത്. മറ്റു ഭാഷകളിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

450 കോടി മുതൽ മുടക്കിലെത്തിയ ചിത്രം മൂന്നിരട്ടിയിലേറെ കലക്ഷനാണ് ഇതുവരെ സ്വന്തമാക്കിയത്. ക്രിസ്മസ് ചിത്രങ്ങൾ വരുന്നതുവരെ തിയേറ്റുകളിൽ അല്ലു അർജുൻ ചിത്രം പ്രദർശനത്തിനുണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ച വിടുതലൈ, ഡിസംബർ 20ന് ബേബി ജോൺ എന്നീ ചിത്രങ്ങൾ വരാനിരിക്കെ എത്ര തിയേറ്റുകളിൽ പുഷ്പ 2 പ്രദർശനം തുടരുമെന്നത് കാത്തിരുന്നു കാണണം.

നേരത്തെ 1500 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുള്ള രണ്ട് ഇന്ത്യൻ സിനിമകൾ മാത്രമാണെന്നത് ശ്രദ്ധേയമാണ്. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ ‘ദംഗൽ’, തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായക വേഷത്തിലെത്തിയ ‘ബാഹുബലി 2’ എന്നിവയാണവ. ആഗോള ബോക്സോഫീസിൽ 1788 കോടിയാണ് ബാഹുബലി 2ന്റെ കലക്ഷൻ. ഇതിൽ 1400 കോടിയും ഇന്ത്യയിൽനിന്നാണ് ലഭിച്ചത്. 2016ൽ പുറത്തിറങ്ങിയ ദംഗലിന് ആഗോള ബോക്സോഫീസിൽ 2070 കോടിയാണ് കലക്ഷനായി ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.