തിയറ്ററിലെ പോപ്കോണിനെന്താ പൊള്ളുന്ന വില? കാരണം വിശദീകരിച്ച് പി.വി.ആർ ചെയർമാൻ

തിയറ്ററുകളിൽ പോയി സിനിമ കാണുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പോപ്കോൺ. സിനിമ കാണുന്നതിനിടെ ആസ്വദിച്ച് കഴിക്കാൻ പോപ്കോണിനെക്കാളും വലുതായി മറ്റൊന്നുമില്ല. എന്നാൽ, സമീപകാലത്തായി തിയറ്ററിൽ നിന്ന് പോപ്കോൺ വാങ്ങിക്കഴിക്കൽ ഏറെ പണച്ചെലവുള്ള കാര്യമായിട്ടുണ്ട്. പോപ്കോണിനും തിയറ്ററുകളിൽ ലഭിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കൾക്കുമെല്ലാം കനത്ത വില ഈടാക്കുന്നത് വ്യാപക പരാതികൾക്കും ഇടയാക്കാറുമുണ്ട്.

എന്നാൽ, ഈ വിലക്കയറ്റത്തിന് കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് തിയറ്റർ ശൃംഖലയായ പി.വി.ആറിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് ബിജ്ലി. വില കൂടുതലാണെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറയുന്നു.

തിയറ്ററുകൾ ഒറ്റ സ്ക്രീനിൽ നിന്ന് മൾട്ടിപ്ലക്സുകളായി പരിവർത്തനം ചെയ്യപ്പെട്ടപ്പോഴാണ് ഈയൊരു വിലക്കയറ്റം ആവശ്യമായി വന്നതെന്നാണ് അജയ് ബിജ്ലി ചൂണ്ടിക്കാട്ടുന്നത്. മൾട്ടിപ്ലക്സുകൾ നടത്തിക്കൊണ്ടുപോകാൻ ചിലവേറെയാണ്. ഇതിന്‍റെ ഭാഗമായാണ് സ്നാക്സുകൾക്കും പാനീയങ്ങൾക്കും വിലകൂട്ടേണ്ടിവരുന്നതെന്ന് അദ്ദേഹം പറയുന്നു.

ഒറ്റ സ്ക്രീൻ തിയറ്ററുകൾ മൾട്ടിപ്ലക്സായതോടെ സ്ക്രീനുകൾ കൂടുതലായി വേണ്ടിവന്നു. കൂടുതൽ പ്രൊജക്ടർ റൂമുകൾ, സൗണ്ട് സിസ്റ്റം, എയർ കണ്ടീഷനിങ് സിസ്റ്റം തുടങ്ങിയവയെല്ലാം പ്രത്യേകം പ്രത്യേകം ആവശ്യമാണ്. ഇതോടെ തിയറ്റർ നടത്തിപ്പിന്‍റെ ചെലവ് നാല് ശതമാനം മുതൽ ആറ് ശതമാനം വരെ വർധിച്ചുവെന്നും ബിജ്ലി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് തിയറ്ററുകളിലെ ഫുഡ് ആൻഡ് ബിവറേജസ് വിൽപനരംഗം 1500 കോടിയുടെ ബിസിനസാണെന്നും പി.വി.ആർ ചെയർമാൻ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുൻനിര തിയറ്റർ ശൃംഖലകളായ പി.വി.ആറും ഇനോക്സും ഈ വർഷമാദ്യം ലയനം പ്രഖ്യാപിച്ചിരുന്നു. 1500 തിയറ്റർ സ്ക്രീനുകളാണ് രണ്ട് ഗ്രൂപ്പുകളും ചേർന്ന് ലക്ഷ്യമിടുന്നത്. ഒ.ടി.ടി റിലീസിന് പ്രചാരം വർധിച്ച സാഹചര്യത്തിൽ തിയറ്ററുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സ്ഥാപനം. 

Tags:    
News Summary - PVR Chairman Ajay Bijli Explains Why Popcorn Is So Expensive In Multiplex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.