അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ശൈത്താൻ . ബ്ലാക്ക് മാജിക്കിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് എട്ടിന് തിയറ്ററുകളിലെത്തും. ഒരു ഇടവേളക്ക് ശേഷം മാധവനും ജ്യോതികയും ഒന്നിച്ച് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം ഒന്നിച്ച് അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. ശൈത്താന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീർഘനാളുകൾക്ക് ശേഷമുള്ള ഒത്തുചേരലിനെക്കുറിച്ച് മാധവനും ജ്യോതികയും മനസ് തുറന്നത്.
' വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുമ്പോൾ, അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങൾ രണ്ടുപേരും എത്രത്തോളം വളർന്നുവെന്ന് മനസിലായി. അന്ന് ഞങ്ങൾ സിനിമയിൽ ഏറ്റവും മികച്ച നായകനും നായികയുമായി അഭിനയിച്ചു, ഇന്ന് ക്യാരക്ടർ റോളിൽ എത്തുമ്പോൾ, ഞങ്ങൾ അഭിനയത്തിൽ എത്രത്തോളം മുന്നോട്ട് പോയി എന്ന് മനസിലാകും- ജ്യോതിക പറഞ്ഞു
'20 വർഷം മുമ്പ്, ഞങ്ങൾ സിനിമയിൽ പ്രണയിച്ചു, എന്നാൽ ഇന്ന് ശൈത്താനിൽ ജ്യോതിക എന്നെ ഉപദ്രവിക്കുന്നതും കൊല്ലാൻ പോകുന്നതും നിങ്ങൾക്ക് കാണാം. അതെ, ഞങ്ങൾ വളരെ ദൂരം എത്തിയിരിക്കുന്നു'; ജ്യോതികയെ ട്രോളിക്കൊണ്ട് മാധവൻ പറഞ്ഞു.
മാധവനും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ 2001 ൽ പുറത്തിറങ്ങിയ ഡം ഡം ഡം എന്ന ചിത്രം വൻ വിജയമായിരുന്നു.2003-ൽ പ്രിയമാന തോഴി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
ജ്യോതികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ശൈത്താൻ. 1998ൽ റിലീസ് ചെയ്ത പ്രിയദർശൻ ചിത്രം ഡോളി സജാ കെ രഹ്നാ ആണ് നടിയുടെ ആദ്യ ചിത്രം.
ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘ശൈത്താൻ’ ടീസർ വൈറലായിരുന്നു.ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകർ പറയുന്നത്.
കൃഷ്ണദേവ് യാഗ്നിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘വശി’ന്റെ റീമേക്ക് ആണ് ശൈത്താൻ. ഛായാഗ്രഹണം സുധാകർ റെഡ്ഡി. സംഗീതം അമിത് ത്രിവേദി. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസ്. ജിയോ സ്റ്റുഡിയോസും ദേവ്ഗൺ ഫിലിസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമ പൂർണമായും വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.