ബോളിവുഡും ആരാധകരും ഏറെ ആഘോഷമാക്കിയ വിവാഹമാണ് താരങ്ങളായ ആലിയ ഭട്ടിന്റേയും രൺബീർ കപൂറിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. നടി സോനം കപൂറിന്റെ വിവാഹ സൽക്കാരത്തിന് ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് പ്രണയം പുറംലോകത്ത് എത്തുന്നത്. എന്നാൽ മറ്റുളള താരങ്ങളെ പോലെ തങ്ങളുടെ ബന്ധം മറച്ച് പിടിക്കാൻ ഇരുവരും ശ്രമിച്ചില്ല.
2022 ഏപ്രിൽ 14ന് ആയിരുന്നു ആലിയ- രൺബീർ വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങിനുണ്ടായിരുന്നുള്ളൂ. പിതാവ് ഋഷി കപൂറിന്റെ ചിത്രത്തിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകളിൽ അച്ഛന്റെ ഫേട്ടോയുമായി നടക്കുന്ന രൺബീറിന്റെ ചിത്രം അന്ന് ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. അതിനെ കുറിച്ച് പറയുകയാണ് നടൻ. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വിവാഹത്തെ കുറിച്ച് പിതാവ് പറഞ്ഞതിനെപ്പറ്റിയും രൺബീർ പറയുന്നുണ്ട്. അച്ഛനോട് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
അച്ഛൻ എല്ലായിപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു പ്രത്യേകിച്ച് അസുഖമായിരുന്ന സമയത്ത്. ചികിത്സക്കായി ന്യൂയോർക്കിൽ പോയപ്പോൾ അച്ഛനും ആലിയയും ഒരുപാട് സമയം ചെലവഴിച്ചു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ആ സമയത്ത് ഞങ്ങളോട് പറഞ്ഞു, എന്തിനാണ് ഇങ്ങനെ സമയം കളയുന്നത്. ഇപ്പോൾ വേറെ ജോലി ഒന്നുമില്ലല്ലോ. ആശുപത്രിയിൽ ഇരിക്കാതെ പോയി വിവാഹം കഴിക്കു -രൺബീർ കപൂർ പറഞ്ഞു.
ഷംഷേരയാണ് അടുത്തതായി പുറത്ത് വരാൻ തയാറെടുക്കുന്ന രൺബീറിന്റെ ചിത്രം. അച്ഛനും മകനുമായിട്ടാണ് നടൻ എത്തുന്നത്. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേരയിൽ രൺബീറിനോടൊപ്പം സഞ്ജയ് ദത്തും വാണി കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ 22 ന് പ്രദർശനത്തിനെത്തുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് എത്തുന്നത്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയാണ് നടന്റെ മറ്റൊരു ചിത്രം. ആലിയ ഭട്ടാണ് നായിക. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണിത്. 2023 ആണ്ചിത്രം തിയറ്ററുകളിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.