മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ സീലിങ്ക് (എം.ടി.എച്ച്.എൽ) എന്ന അടൽ സേതുവിലൂടെയുള്ള യാത്രയെക്കുറിച്ച് നടി രശ്മിക മന്ദാന. മുംബൈയിലെ ഗതാഗത ശൃംഖലയെ മാറ്റിമറിക്കുന്ന ഒന്നാണെന്നും രണ്ട് മണിക്കൂറെടുക്കുന്ന യാത്ര 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കമെന്നും നടി എ.എൻ.ഐയോട് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിനെ പരോക്ഷമായി പിന്തുണക്കുന്ന രീതിയിലായിരുന്നു നടിയുടെ പ്രതികരണം.
എന്നാൽ, പിന്നാലെ സമൂഹ മാധ്യമങ്ങളിൽ രശ്മികക്കെതിരെ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വെളിപ്പെടുത്താത്ത ആസ്തികളെക്കുറിച്ച് സൂചന ലഭിച്ചതോടെ ആദായ നികുതി വകുപ്പ് നാലു വർഷം മുമ്പ് നടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ വാർത്തയുടെ സ്ക്രീൻ ഷോട്ടുകളടക്കം പ്രചരിപ്പിച്ചായിരുന്നു ട്രോളുകൾ. ‘ഇപ്പോൾ എല്ലാം സുരക്ഷിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് ട്രോളിൽ ഒരാൾ പരിഹസിച്ചു.
‘രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. അത് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇതുവഴി നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും മുംബൈയിലേക്ക് വളരെ എളുപ്പം പോകാം. ഞാനിതിൽ അഭിമാനിക്കുന്നു’ -അടൽ സേതുവിനെ പ്രകീർത്തിച്ച് രശ്മിക പറഞ്ഞു.
എനിക്ക് തോന്നുന്നത് ഇന്ത്യയുടെ വളർച്ച നിൽക്കുന്നില്ലെന്നാണ്. കഴിഞ്ഞ 10 വർഷത്തെ രാജ്യത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ, വിവിധ പദ്ധതികൾ, റോഡ് അങ്ങനെ.... എല്ലാം വളരെ മികച്ചതാണ്. ഇപ്പോൾ നമ്മുടെ സമയമാണെന്ന് ഞാൻ കരുതുന്നു. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഇതിനെക്കുറിച്ച് പറയാൻ വാക്കുകളില്ല.
ഈ അവസരത്തിൽ ഏറ്റവും സ്മാർട്ടായ രാജ്യമാണ് ഇന്ത്യയെന്ന് പറയാനാഗ്രഹിക്കുന്നു. യങ് ഇന്ത്യ വളരെ വേഗത്തിൽ വളരുകയാണ്. പുതിയതലമുറ വളരെ ഉത്തരവാദിത്തമുള്ളവരാണ്. ആരാലും അവരെ സ്വാധീനിക്കാൻ കഴിയില്ല. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അവർ കാണുന്നുണ്ട്. കൂടാത വളരെ ഉത്തരവാദിത്തോടെയാണ് പെരുമാറുന്നത്. ഇപ്പോൾ രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നത്'- രശ്മിക പറഞ്ഞു.
2024 ജനുവരി 12 നാണ് ഈ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ജനുവരി 13 നാണ് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്.
അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2: ദ് റൂൾ ആണ് രശ്മികയുടേതായി ഇനി റിലീസിന് തയാറെടുക്കുന്ന ചിത്രം. രൺബീറിനൊപ്പമെത്തിയ അനിമൽ ആണ് രശ്മികയുടേതായി ബോളിവുഡിൽ ഒടുവിലെത്തിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.