കൊച്ചി: മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീരുമാനത്തിനെതിരേ ഫിയോക്കിനുള്ളിൽ തന്നെ എതിർപ്പ് ശക്തമായ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റം. നിർമാതാക്കളും വിതരണക്കാരുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഫിയോക് ചെയർമാൻ നടൻ ദിലീപ് പറഞ്ഞു.
കരാർ ലംഘിച്ച് സിനിമകൾ ഒ.ടി.ടിയിൽ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഫെബ്രുവരി 22 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റർ ഉടമകൾ തീരുമാനിച്ചത്. തിയറ്ററില്‍ എത്തി 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒ.ടി.ടിക്ക് നല്‍കുകയുള്ളൂ എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ നല്‍കുന്നതാണ്. ഇത് പലതവണയായി പല നിർമാതാക്കളും ലംഘിച്ച് സിനിമ ഇറങ്ങിയ ഉടൻ തന്നെ ഒ.ടി.ടിക്ക് കൊടുക്കുന്നു. ഇത് തിയറ്ററുടമകള്‍ക്ക് നഷ്ടം ഉണ്ടാക്കുന്നുവെന്ന് ഫിയോക് ആരോപിച്ചിരുന്നു.
എന്നാൽ, തീരുമാനത്തിനെതിരേ ഫിയോക്കിനുള്ളിൽ തന്നെ എതിർപ്പ് ശക്തമായി. നിർമാതാക്കൾ കൂടിയായ നടൻ ദിലീപും ആന്റണി പെരുമ്പാവൂരുമാണ് ഫിയോക്കിന്റെ ചെയർമാനും വൈസ് ചെയർമാനും. ഫിയോക്കിന്റെ ആരോപണങ്ങൾ ഫലത്തിൽ ഇവരെയും ബാധിക്കുന്ന സാഹചര്യവും വന്നു. ദിലീപ് നായകനായ ‘തങ്കമണി’ മാർച്ച് ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. നാദിർഷാ സംവിധാനം ചെയ്ത ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ 23 -ന് റിലീസ് ചെയ്യേണ്ടതായിരുന്നു. സമരത്തെത്തുടർന്ന് മാർച്ച് ഒന്നിലേക്ക് റിലീസ് മാറ്റി. ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്താണ് റിലീസ് തുടരാൻ ഇന്ന് ഫിയോക് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.