ആർ.ആർ.ആർ സിനിമയെക്കുറിച്ചുള്ള മലയാളി സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയുടെ പരാമർശങ്ങൾ വിവാദമായി. ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിനെ ഒരു 'സ്വവർഗ പ്രണയ കഥ' എന്നാണ് ഓസ്കാർ ജേതാവുകൂടിയായ റസൂൽ പൂക്കുട്ടി വിശേഷിപ്പിച്ചത്. സിനിമയിലെ നായികയായ ബോളിവുഡ് നടി ആലിയഭട്ടിനെ വെറും ഉപകരണമാക്കുകയാണ് സിനിമ ചെയ്തതെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
തെലുഗു നടന്മാരായ രാം ചരണും ജൂനിയർ എൻ.ടി.ആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ആർ.ആർ.ആർ. പൂക്കുട്ടിയുടെ പരമർശങ്ങൾക്കെതിരേ സിനിമ ആരാധകരുടെ കടുത്ത രോഷമാണ് ഉണ്ടായിരിക്കുന്നത്. ഒരു ഓസ്‌കാർ ജേതാവിൽ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധക പക്ഷം.
1920 കാലത്ത് ഇന്ത്യയിൽ നടന്ന ഒരു സാങ്കൽപ്പിക കഥയാണ് ആർ.ആർ.ആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ജീവിതമാണ് സിനിമക്കായി രാജമൗലിയെ പ്രചോദിപ്പിച്ചത്. യഥാക്രമം രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ ഇരു കഥാപാത്രങ്ങളേയും സിനിമയിൽ അവതരിപ്പിച്ചു. കഥാപാത്രങ്ങൾ ജീവിച്ചിരുന്നവരായിരുന്നെങ്കിലും സിനിമക്ക് ഇവരുടെ ജീവിതവുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആരാധകരിൽ നിന്ന് ചിത്രം പ്രശംസ നേടിയെങ്കിലും നിരൂപകരിൽ പലർക്കും മതിപ്പുളവാക്കിയിരുന്നില്ല. നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് ഒരു ട്വീറ്റിൽ ആർആർആറിനെ 'മാലിന്യം' എന്നാണ് വിളിച്ചത്. ഇതിന് മറുപടിയായാണ് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ 'സ്വവർഗ പ്രണയ കഥ'എന്ന പരാമർശം പങ്കുവച്ചത്.
സമൂഹമാധ്യമങ്ങളിൽ റസൂലിന്റെ പരാമർശങ്ങൾക്കെതിരേ ആർ.ആർ.ആർ ആരാധകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പല ആരാധകരും അദ്ദേഹത്തിന്റെ അഭിപ്രായം 'അസൂയ' നിറഞ്ഞതാണെന്നും അത് വളരെ പ്രൊഫഷണലല്ലെന്നും പറഞ്ഞു. ഒരു ട്രോളനെപ്പോലെ അദ്ദേഹം പെരുമാറുന്നത് സങ്കടകരമെന്ന് ഒരാൾ എഴുതി. യഥാർഥത്തിൽ പൂക്കുട്ടി മാത്രമല്ല ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചതെന്നതാണ് രസകരം. നെറ്റ്ഫ്ലിക്സിൽ റിലീസായ സിനിമയെക്കുറിച്ച് അന്താരാഷ്ട്ര പ്രേക്ഷകരിൽ പലരും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു.
അജയ് ദേവ്ഗൺ, ശ്രിയ ശരൺ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഏകദേശം 300 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം തിയേറ്ററുകളിൽ ലോകമെമ്പാടുമായി 1200 കോടി രൂപ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.