റിച്ച ഛദ്ദ, അനുരാഗ് കശ്യപ്, പായൽ ഘോഷ്

അനുരാഗ് കശ്യപിനെതിരായ മി ടൂ ആരോപണത്തിൽ തന്‍റെ പേര് പരാമർശിച്ചതിനെതിരെ നടി റിച്ച ഛദ്ദ

മുംബൈ: സംവിധായകനും ആക്ടിവിസ്റ്റുമായ അനുരാഗ് കശ്യപിനെതിരെ തെലുങ്ക്-ഹിന്ദി നടി പായൽ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണത്തിൽ തന്‍റെ പേര് പരാമർശിച്ചതിനെതിരെ നടി റിച്ച ഛദ്ദ രംഗത്ത്. പായൽ ഘോഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച റിച്ച ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ തന്നോട് കശ്യപ് അങ്ങേയറ്റം മോശമായി പെരുമാറിയെന്നും സംവിധായകന് വഴങ്ങാൻ ആവശ്യപ്പെട്ടെന്നുമായിരുന്നു ആരോപണം. റിച്ച ഛദ്ദ, ഹുമ ഖുറേഷി തുടങ്ങിയ നടിമാർക്ക് ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് കശ്യപ് തന്നോട് പറഞ്ഞുവെന്നും പായൽ ആരോപിച്ചു.

പായൽ ഘോഷ് മി ടൂ ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു. കശ്യപുമായി ഇടഞ്ഞു നിൽക്കുന്ന കങ്കണ റണാവത് ഉൾപ്പെടെയുള്ളവർ കശ്യപിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.

അപകീർത്തികരമായും വ്യാജമായും തന്‍റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് റിച്ച ഛദ്ദയുടെ പ്രസ്താവനയിൽ പറയുന്നു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരെ പായൽ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു. തന്നെ നിശ്ശബ്ദനാക്കാനുള്ള ഏറെക്കാലമായുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. അനുരാഗ് കശ്യപിന് പിന്തുണയുമായി നടി തപ്സി പന്നു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാറിന്‍റെ നിരന്തര വിമർശകനായ അനുരാഗ് കശ്യപ് പല വിഷയങ്ങളിലും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്. മീടൂ ആരോപണം നിക്ഷിപ്ത താൽപര്യങ്ങൾക്കായി വ്യാജമായി ഉന്നയിക്കുകയാണെന്ന് ആരോപിച്ച് കശ്യപിന് പിന്തുണയുമായി നടൻ അനുഭവ് സിൻഹ ഉൾപ്പെടെയുള്ളവരും രംഗത്തുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.