ചെന്നൈയിലെ തിയറ്ററിൽ സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ അകത്തേക്ക് പ്രവേശിപ്പിക്കാത്ത സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട്ടിലെ സിനിമാ പ്രവർത്തകർ. കഴിഞ്ഞ ദിവസം റിലീസായ പുതിയ ചിത്രം ‘പത്തു തല’ കാണാനെത്തിയ ആദിവാസി കുടുംബത്തിന് തിയറ്ററിലേക്കുള്ള പ്രവേശനം ജീവനക്കാർ നിഷേധിക്കുകയായിരുന്നു. കോയമ്പേട് രോഹിണി സിൽവർ സ്‌ക്രീനിലെത്തിയ നരിക്കുറവ വിഭാഗത്തിൽപ്പെട്ട കുടുംബത്തിനാണ് വ്യാഴാഴ്ച രാവിലെ ദുരനുഭവമുണ്ടായത്. കൈയിൽ ടിക്കറ്റുണ്ടായിട്ടും ഇവരെ ഗേറ്റിൽ തടഞ്ഞുവെക്കുകയായിരുന്നു.
ടിക്കറ്റുണ്ടായിട്ടും സിനിമ കാണാൻ അനുവദിക്കാതിരുന്നത് അന്യായമാണെന്ന് കമൽ ഹാസൻ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ വാർത്ത വന്നതിന് ശേഷം മാത്രമാണ് തീരുമാനം മാറ്റാൻ തിയറ്റർ അധികൃതർ തീരുമാനിച്ചത് എന്നും ഇത് തീർത്തും അപലപനീയമാണ് എന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ പ്രതികരിച്ച് 'പത്തു തല' സിനിമയുടെ നായികയായ പ്രിയ ഭവാനിയും രംഗത്തെത്തി. 'തിയറ്റർ അധികൃതർക്ക് അവരുടെ വസ്ത്രധാരണമാണ് പ്രശ്നമെങ്കിൽ, നിങ്ങൾ അറിയേണ്ടതും നേടേണ്ടതുമായ നാഗരികത ഇപ്പോഴും വളരെ അകലെയാണ്,' എന്നാണ് പ്രിയ കുറിച്ചത്.
മനുഷ്യർ തമ്മിൽ വിവേചനം കാണിക്കുന്നതും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും അടിച്ചമർത്തുന്നതും അംഗീകരിക്കാനാകുന്നതല്ല എന്ന് നടൻ വിജയ് സേതുപതി പ്രതികരിച്ചു. ഈ ലോകം എല്ലാവർക്കും കൂടിയാണ് എന്നും അതിൽ ആർക്കും വ്യത്യാസം ഇല്ല എന്നും നടൻ കുറിച്ചു.
‘കല എല്ലാവർക്കും ഉള്ളതാണ്. ഇവരെ പിന്നീട് തീയറ്ററിൽ പ്രവേശിപ്പിച്ചു എന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ ആദ്യം അവർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ അംഗീകരിക്കാനാവില്ല’എന്നാണ് നടനും സംഗീത സംവിധായകനുമായ ജി.വി.പ്രകാശ്കുമാർ ട്വീറ്റ് ചെയ്തത്.
തങ്ങൾക്ക് ഇത്തരം അനുഭവം പുതിയതല്ല എന്നും മുൻപ് അജിത്ത്-വിജയ് ചിത്രങ്ങൾ കാണാൻ എത്തിയപ്പോൾ ടിക്കറ്റ് വാങ്ങി കീറി കളയുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട് എന്നും സിനിമ കാണാനെത്തിയ കുടുംബത്തിലെ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ തിയറ്ററിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ‘ഇത് ജാതിവിവേചനമല്ലാതെ എന്താണ്’എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. പ്രവേശനം നിഷേധിച്ച തിയറ്റർ സ്റ്റാഫുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.എം.കെ എം.പി സെന്തിൽകുമാർ പറഞ്ഞു. ജോലിക്കാർക്ക് വേണ്ടവിധത്തിലുള്ള നിർദ്ദേശങ്ങൾ നൽക്കാത്ത മാനേജ്മെന്റും സംഭവത്തിൽ ഉത്തരവാദികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.