ഇനി ബോളിവുഡിൽ; ഷാഹിദ് കപൂർ ചിത്രം പ്രഖ്യാപിച്ച് റോഷൻ ആൻഡ്രൂസ്

നിവിൻ പോളി നായകനായി എത്തിയ 'സാറ്റര്‍ഡേ നൈറ്റി'ന് ശേഷം ബോളിവുഡ് ചിത്രവുമായി റോഷൻ ആൻഡ്രൂസ്. സിദ്ധാർഥ് റോയ് കപൂർ നിർമിക്കുന്ന ചിത്രത്തിൽ ഷാഹിദ് കപൂറാണ് നായകനാവുന്നത്. റോഷൻ ആൻഡ്രൂസ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെയാണ് റോഷൻ ആൻഡ്രൂസ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ ബോളിവുഡ് നിർമാതാവ് സിദ്ധാർഥ് റോയ് കപൂറാണ് ചിത്രം നിർമിക്കുന്നത്. നോട്ട്ബുക്ക്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആർ യു തുടങ്ങി റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ ഒരുക്കിയ ബോബി, സഞ്ജയ് എന്നിവർക്കൊപ്പം ടു സ്റ്റേറ്റ്സ്, സാഹോ , ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രങ്ങളുടെ സംഭാഷണം എഴുതിയ പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ ഹുസൈൻ ദലാലുമായും ചേര്‍ന്നാണ് റോഷൻ ആൻഡ്രൂസ് പുതിയ ചിത്രം ഒരുക്കുന്നത്.

'കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്‍റെ ചിത്രങ്ങളെയും പിന്തുണയ്ക്കുന്നതിന് നന്ദി. ഹിറ്റുകളും ഫ്ളോപ്പുകളുമെല്ലാം ഈ കളിയുടെ ഭാഗമാണ്... വിജയങ്ങള്‍ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങള്‍ അംഗീകരിക്കുന്നതും നല്ലതാണ്. ഞാൻ തിരിച്ചുവരും! എഴുത്തുകാരായ ബോബി, സഞ്ജയ്, ഹുസൈൻ ദലാൽ എന്നിവരുമായി ചേര്‍ന്ന് മാര്‍ച്ചിൽ ആരംഭിക്കുന്ന എന്‍റെ അടുത്ത ചിത്രം നിര്‍മിക്കുന്നത് സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നടൻ ഷാഹിദ് കപൂറിനൊപ്പം എന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരായ ബോബിയും സഞ്ജയും എനിക്കായി തിരക്കഥയും ഹുസൈൻ ദലാൽ സംഭാഷണങ്ങളും എഴുതുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ മുൻനിര നിർമ്മാതാക്കളിലൊരാളായ സിദ്ധാർത്ഥ് റോയ് കപൂർ തന്‍റെ ആര്‍കെഎഫിന്‍റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കാൻ പോകുന്നു. പ്രീ പ്രൊഡക്ഷൻ ജോലികൾ നവംബർ 16 മുതൽ ആരംഭിക്കും'.- റോഷൻ ആൻഡ്രൂസ് കുറിച്ചു.

Tags:    
News Summary - Rosshan Andrrews Opens Up About His Bollywood debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.