നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

ദേശീയ അവാർഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ നടി അപർണ ബാലമുരളിയും നടൻ  ബിജു മേനോനും. നിരവധി അവാര്‍ഡുകളുമായി അയ്യപ്പനും കോശിയും മുന്നിലാണ്. സിനിമയുടെ സംവിധായകൻ സച്ചി ഈ സന്തോഷം കാണാന്‍ ഇല്ലാത്തതാണ് ഏറ്റവും വിഷമമെന്ന് ബിജു മേനോന്‍ പ്രതികരിച്ചു

'ഈ അവാര്‍ഡ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ടു വര്‍ഷം മുമ്പ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണിത്. ഈ അവസരത്തില്‍ ഓര്‍ക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സച്ചിയോടു മാത്രമാണ്. സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്നതിന്, പ്രേക്ഷകര്‍ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോട് നന്ദി പറയുന്നു. ദൈവത്തോട് നന്ദി പറയുന്നു. എന്റെയൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരോടും എന്റെ നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്.

ഈ ചിത്രത്തിന്റെ ആദ്യത്തെ ആലോചന മുതല്‍ തന്നെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ചെറിയ കാന്‍വാസിലായിരുന്നു സിനിമ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ഈ അംഗീകാരത്തിന് ഒരുപാട് സന്തോഷം. എല്ലാവരോടും നന്ദി പറയുന്നു. ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നതാണ് വലിയ വിഷമം. സച്ചിയുടെ വലിയ എഫര്‍ട്ടിന് കിട്ടിയ അംഗീകാരമായിട്ട് ഇതിനെ കാണുന്നു. പുരസ്കാരം സച്ചിക്ക് സമർപ്പിക്കുകയാണെന്നും ബിജു മേനോൻ പറഞ്ഞു.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാര വാർത്ത തേടിയെത്തുമ്പോൾ നടിയും ഗായികയുമായ അപർണ ബാലമുരളി പൊള്ളാച്ചിയിലെ സിനിമ ലൊക്കേഷനിലായിരുന്നു.

സുരറൈ പോട്രിലെ തന്റെ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കാന്‍ സംവിധായിക സുധാ കൊങ്ങര ആഗ്രഹിച്ചിരുന്നതായി അപര്‍ണ പറഞ്ഞു. അവര്‍ തന്നിലേല്‍പ്പിച്ച വിശ്വാസം കാരണമാണ് തനിക്ക് ഈ നേട്ടം ലഭിച്ചതെന്നും അപര്‍ണ പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അപര്‍ണ.

'ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം. എല്ലാവര്‍ക്കും നന്ദി. ഈ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് ഈ ചിത്രത്തിന്റെ സംവിധായിക സുധ മാമിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാരണം മാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്.

ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് ആവശ്യമായ സമയം സുധ മാം തന്നു. അതിനാല്‍ നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തിയത്. സിനിമയെക്കുറിച്ചൊന്നും കാര്യമായ ധാരണ എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ ഇനിയും ഒരുപാട് പഠിക്കണം എന്നാണ് ആഗ്രഹം. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്' -അപർണ പറഞ്ഞു. അപർണയുടെ നേട്ടം ലൊക്കേഷനിൽ വൻ ആഘോഷമായി. 

Tags:    
News Summary - Sad that Sachi is not there to see the achievement -Biju Menon, thanks for the trust -Aparna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.