പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ഡിസംബർ 22 ന് തിയറ്ററിലെത്തിയ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് സലാറിന് ലഭിക്കുന്നത്.
270 കോടി ബജറ്റിലൊരുങ്ങിയ ചിത്രം മികച്ച ഓപ്പണിങ് കളക്ഷനാണ് നേടിയിരിക്കുന്നത്. 95 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്. ഷാറൂഖ് ഖാന്റെ പത്താൻ, ജവാൻ രൺബീറിന്റെ അനിമൽ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷനാണ് സലാർ മറി കടന്നിരിക്കുന്നത്. 70 കോടിയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ കളക്ഷൻ, കന്നഡയിൽ നിന്ന് 12 കോടിയും കേരളത്തിൽ നിന്ന് 5 കോടിയും ചിത്രം ഒന്നാം ദിവസം സമാഹരിച്ചിട്ടുണ്ട്.
ഷാറൂഖ് ഖാന്റെ ജവാൻ ആണ് രണ്ടാം സ്ഥാനത്ത്. 75 കോടിയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ. അനിമൽ 63 കോടി രൂപയും എസ്. ആർ.കെയുടെ തന്നെ പത്താൻ 57 കോടിയും ഒന്നാം ദിവസം സ്വന്തമാക്കിയിരുന്നു.
കെ.ജി.എഫ് എന്ന സൂപ്പർ ഹിറ്റിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. രണ്ട് ഭാഗങ്ങളായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ സീസ്ഫയർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വർദരാജ മന്നാറായാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രഭാസിന്റെ മടങ്ങി വരവായിട്ടാണ് ആരാധകർ ഈ ചിത്രത്തെ കാണുന്നത്. ഇതിന് മുമ്പ് നടന്റേതായി പുറത്തിറങ്ങിയ ആദിപുരുഷ് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.