റസൂൽ പൂക്കുട്ടി അവതരിപ്പിക്കുന്ന 'സമനാന്തർ'; സുശാന്ത്​ സിങിനുള്ള സമർപ്പണം

അമാനുഷിക കഥകളുടെ ആന്തോളജി ചിത്രവുമായി ഓസ്​കർ അവാർഡ്​ ജേതാവ്​ റസൂൽ പൂക്കുട്ടി എത്തുന്നു. 'സമനാന്തർ' എന്ന്​ പേരിട്ടിരിക്കുന്ന ചിത്രം അകാലത്തിൽ വിട്ടുപിരിഞ്ഞ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തിനുള്ള സമർപ്പണമായാണ്​ അവതരിപ്പിക്കുന്നതെന്ന്​ റസൂൽ പൂക്കുട്ടി പറഞ്ഞു. 'ബാഗി 2'ന്‍റെ തിരക്കഥാകൃത്ത്​ നീരജ്​ കുമാർ മിശ്രയാണ്​ 'സമനാന്തറി'ന്‍റെ തിരക്കഥയും സംവിധാനവും. റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും അനിറാതി ഫിലിംസുമാണ്​ നിർമാണം.

ജീവിത യാഥാർഥ്യങ്ങളും മനുഷ്യന്‍റെ അതിരുകടന്ന ചെയ്തികളുടെ ഫലമായി അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളുമാണ് നാലുകഥകളുള്ള ചിത്രം പ്രതിപാദിക്കുന്നത്. കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ, തൊഴിലില്ലായ്മ മൂലമുണ്ടാകുന്ന കടുത്ത മാനസിക പ്രശ്നങ്ങൾ, മനുഷ്യന്‍റെ അടങ്ങാത്ത അത്യാഗ്രഹവും വഞ്ചനയും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ചിത്രം ചർച്ച ചെയ്യുന്നു. സുശാന്ത്​ സിങുമായി ഒരു പ്രോജക്​ട്​ റസൂൽ പൂക്കുട്ടി ചർച്ച ചെയ്​തിരുന്ന സമയത്താണ്​ സുശാന്തിന്‍റെ മരണം സംഭവിക്കുന്നത്​. നടക്കാതെ പോയ ആ പ്രോജക്​ടി​നു പകരമാണ്​ പുതിയ സിനിമ സുശാന്തിന്​ സമർപ്പിക്കുന്നതെന്ന്​ റസൂൽ പൂക്കുട്ടി പറഞ്ഞു.

ബിഹാറിലും ഇന്ത്യ–നേപ്പാൾ അതിർത്തിയിലുമായാണ് 'സമനാന്തർ' ചിത്രീകരിച്ചത്. അഭിനേതാക്കളിൽ 95 ശതമാനവും പുതുമുഖങ്ങളാണ്. നരേന്ദ്ര കുമാർ ടാൻടൺ, രതീഷ് ചന്ദ്ര മിശ്ര, ഷാവന്ത് ആനന്ദ്, അശോക് കുമാർ വെർമ, അനുരാഗ് താക്കൂർ, അഭിഷേക് ബാജ്പേയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്​ നിർമാതാക്കൾ കാണിച്ച താൽപര്യത്തെ അഭിനന്ദിച്ച്​ ബിഗ്​ ബി അമിതാഭ്​ ബചൻ രംഗത്തെത്തിയിരുന്നു. അർച്ചിത് മിശ്രയും പുൽകിത് റാത്തിയുമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​. 

Tags:    
News Summary - Samanantar movie is Resul Pookutty's tribute to Sushant Singh Rajput

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.