തെന്നിന്ത്യന്‍ ചിത്രമായ 'വിക്രം' തിയറ്ററുകൾ കീഴടക്കുന്നതായി റിപ്പോർട്ട്. എന്നാൽ അതേ ദിവസം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന് ബോക്‌സ് ഓഫീസ് കളക്ഷൻ കുറയുന്നതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ കളക്ഷൻ കൂടിയാൽ മാത്രമേ സിനിമ വിജയിക്കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ 34 കോടി രൂപയുടെ കളക്ഷനാണ് 'വിക്രം' നേടിയത്. എന്നാൽ അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജി'ന് ആദ്യ ദിനത്തില്‍ 10 കോടി കളക്ഷന്‍ മാത്രമാണ് നേടാനായത്. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ വിക്രമും സാമ്രാട്ടും യഥാക്രമം 65 കോടിയും 23 കോടിയുമാണ് നേടിയിട്ടുള്ളത്.ഇതോടെ തെന്നിന്ത്യന്‍ ചിത്രങ്ങൾ ബോളിവൂഡ് ചിത്രങ്ങൾക്ക് ഭീഷണിയാകുന്നുണ്ടെന്ന വാദത്തിനും പ്രസക്തിയേറുകയാണ്.
അക്ഷയ്കുമാറും മാനുഷി ഛില്ലറും ഒന്നിക്കുന്ന 'സാമ്രാട്ട് പൃഥിരാജ്' പ്രധാനമായും മുഹമ്മദ് ഗോറിക്കെതിരായി പൃഥ്വിരാജ് ചൗഹാന്‍ നടത്തിയ യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
മിസ് വേൾഡായ മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായിട്ടില്ല. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സിനിമക്ക് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. അതേസമയം സിനിമ ഒമാനിലും കുവൈത്തിലും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.