സിനിമ സംവിധാന മേഖലയിൽ നിന്ന് താൽകാലികമായി അവധി പ്രഖ്യാപിച്ച് യുവ സംവിധായകൻ സഞ്ജിത്ത് ചന്ദ്രസേനൻ. സിനിമ തൽകാലത്തേക്ക് നിർത്തുകയാണെന്നും തോറ്റ് പിൻമാറുകയല്ലെന്നും സഞ്ജിത്ത് വ്യക്തമാക്കി.
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ത്രയം, ശ്രീനാഥ് ഭാസി നായകനായ നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത്. രണ്ട് ചിത്രങ്ങളും ഇതുവരെ റിലീസ് ആയിട്ടില്ല. ഇവ അടുത്ത് തന്നെ റിലീസ് ചെയ്യുമെന്നും എന്താണ് റിലീസ് വൈകുന്നതെന്നുമുള്ള ചോദ്യങ്ങൾ താൻ നിരന്തരം നേരിടുകയാണെന്നും സഞ്ജിത്ത് പറഞ്ഞു. ഫേസ്ബുക്കിലാണ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്ന കാര്യം സഞ്ജിത്ത് പ്രഖ്യാപിച്ചത്.
''കഴിഞ്ഞ ഒരു വര്‍ഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകള്‍ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍.. രണ്ട് സിനിമയും കഴിഞ്ഞ് ഇരിക്കുകയാണ്. പ്രശ്നം എന്തുമാവട്ടെ അതൊക്കെ എന്‍റെ പ്രശ്നങ്ങള്‍ ആയി കണ്ട് ഞാന്‍ സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണ്. ഞാന്‍ സിനിമയില്‍ വന്നത് വളരെ കഷ്ടപ്പെട്ടാണ്. എന്‍റെ ആരും സിനിമയില്‍ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് ഞാന്‍ എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിന്‍റെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ തോറ്റു എന്ന് തോന്നിയപ്പോള്‍ ജീവിക്കണമെന്ന് തോന്നിയത് സിനിമയില്‍ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകള്‍ അടുത്ത് തന്നെ റിലീസ് ആവും.’’–സഞ്ജിത്ത് ചന്ദ്രസേനൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.