കേരള സർക്കാർ സാംസ്കാരിക കാര്യ വകുപ്പിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) നിർമ്മിച്ച് നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിച്ച 'നിള'യുടെ ട്രെയിലർ പുറത്തിറങ്ങി. ചലച്ചിത്ര, മാധ്യമ, കലാ സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിൽ ട്രെയിലർ പങ്കുവെച്ച് ചിത്രത്തിന് ആശംസകൾ അറിയിച്ചു. ശാന്തി കൃഷ്ണ, വിനീത്, അനന്യ, മാമുക്കോയ, മധുപാൽ, മിനി ഐ.ജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. 2023 ഓഗസ്റ്റ് 04 ന് 'നിള' കേരളത്തിൽ റിലീസ് ചെയ്യും.
അതിജീവനത്തിൻ്റെയും സ്ത്രീകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് നിളയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിഭിന്നമായ പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് സ്ത്രീകൾ യാദിർശ്ചികമായി പരസ്പരമറിയുന്നതും പിന്നീട് അവർക്കിടയിൽ രൂപപ്പെടുന്ന കെട്ടുറപ്പുള്ള സൗഹൃദത്തിൻ്റെയും ഉടയാത്ത പരസ്പരവിശ്വാസത്തിൻ്റെയും ശക്തമായ ആവിഷ്കരണമാണ് ചിത്രം.
രാകേഷ് ധരൻ ഛായാഗ്രഹണം നിർവഹിച്ച 'നിള'യുടെ സംഗീതമൊരുക്കിയത് ബിജിബാലാണ്. സന്ദീപ് കുറിശ്ശേരി ശബ്ദരൂപകല്പനയും, ശങ്കർദാസ് വി.സി ശബ്ദമിശ്രണവും നിർവഹിക്കുന്നു. അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവർ ചിത്രസംയോജനം കൈകാര്യം ചെയ്യുമ്പോൾ ഇന്ദു ലക്ഷ്മി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണനാണ്.
ജിതിൻ ബാബു മണ്ണൂർ കലാസംവിധാനവും, രതീഷ് പുൽപ്പള്ളി ചമയവും, രമ്യ വസ്ത്രാലങ്കാരവും നിർവഹിച്ചു. ചിത്രത്തിൻ്റെ സബ്ടൈറ്റിലുകൾ ചെയ്തിരിക്കുന്നത് വൺ ഇഞ്ച് ബാരിയറും സ്റ്റോറീസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.