‘സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ’; കുറിപ്പുമായി സത്യൻ അന്തിക്കാട്

മമ്മൂട്ടിയെ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം കണ്ടശേഷം കുറിപ്പുമായി സത്യൻ അന്തിക്കാട്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞതെന്നും സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ കുറിച്ചു.

‘പളനിയുടെ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ’-സത്യൻ അന്തിക്കാട് എഴുതുന്നു.

മമ്മൂട്ടി കമ്പനി നിർമിച്ച ആദ്യചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഐ. എഫ്. എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. തുടർന്ന് തുടർന്ന് ഇക്കഴിഞ്ഞ 19നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

രമ്യാ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

കുറിപ്പിന്റെ പൂർണരൂപം താഴെ

"നൻപകൽ നേരത്ത് മയക്കം" കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ.

എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്.

പണ്ട് 'മഴവിൽക്കാവടി'യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും.... ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു.

ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ!

ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം

Tags:    
News Summary - Sathyan Anthikad with a note about nanpakal nerathu mayakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.