അറ്റ്‌ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഷാറൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രം ജവാൻ റിലീസിന് തയ്യാറെടുക്കുകയാണ്. വിജയ് സേതുപതിയും നയൻതാരയും ദീപിക പദുക്കോണുമടക്കം വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വിജയ് സേതുപതി അടക്കമുള്ള സിനിമയിലെ സഹതാരങ്ങൾക്ക് നന്ദി അറിയിച്ചുള്ള ഷാറൂഖ് ഖാന്‍റെ ട്വീറ്റുകൾ നേരത്തേ വൈറലായിരുന്നു. ഇപ്പോൾ നയൻതാരയെ പരാമർശിച്ചുള്ള കിങ് ഖാന്‍റെ ട്വീറ്റും വൈറലായിട്ടുണ്ട്.
ഷാരൂഖ് തന്‍റെ ട്വീറ്റിൽ നയൻതാരയേയും ഭർത്താവ് വിഘ്നേഷ് ശിവനേയും മെൻഷൻ ചെയ്തിട്ടുണ്ട്. ‘താങ്കളുടെ എല്ലാ സ്‌നേഹനത്തിനും വളരെ നന്ദിയുണ്ട്. നയൻതാര വിസ്മയമാണ്! നിങ്ങൾക്കത് നേരത്തെ അറിവുള്ളതാണല്ലോ. ഭർത്താവെ താങ്കൾ... സൂക്ഷിക്കുക അവൾ കുറച്ചധികം അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട്’ എന്നാണ് ഷാറൂഖ് തമാശരൂപത്തിൽ ട്വിറ്ററിൽ കുറിച്ചത്.
നേരത്തേ വിഘ്നേഷ് നയൻതാരയുടെ സ്വപ്നതുല്യമായ ബോളിവുഡ് അരങ്ങേറ്റത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്ക് ആശംസകളെന്ന് ഷാറൂഖ് ഖാനെ മെൻഷൻ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.അറ്റ്ലീക്കും അനിരുദ്ധിനും വിജയ് സേതുപതിക്കും വിഘ്നേഷ് ആശംസകൾ അറിയിച്ചിട്ടുണ്ട്. വിഘ്നേഷിന്റെ ആശംസകൾക്ക് അറ്റ്ലീ പ്രതികരണവും അറിയിച്ചിട്ടുണ്ട്.
ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജവാന്റെ ട്രെയിലർ പുറത്തിറങ്ങിയതിന്റെ ത്രില്ലിലാണ് ആരാധകർ. നിരവധി സർപ്രെെസുകളുമായാണ് ജവാന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഷാറൂഖ് ഖാൻ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്. അനിരുദ്ധാണ് സംഗീതം. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ദീപിക പദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.