തന്റെ സംസാര ശൈലിയെ കുറിച്ച് ഷൈൻ ടോം ചാക്കോ; 'അത് ഇടക്ക് കയറി വരും'

സിനിമയല്ലാതെ ഒന്നും തന്നെ ജീവിതത്തിൽ നടക്കുന്നില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമക്ക് വേണ്ടി വീട്ടുകാരെപോലും മറന്ന് ജീവിക്കുകയാണെന്നും അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമയെ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി കൊണ്ട് അവരോടൊപ്പം ജീവിക്കാൻ കഴിയില്ല. ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ പകുതി മാത്രമേ കാമറക്ക് മുന്നിലുള്ളൂവെന്നും നടൻ പറഞ്ഞു.

സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണ്. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ചിലപ്പോൾ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലാത്ത സംസാരശൈലി ഇടക്ക് കയറി വരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാൽ അത് ഹാസ്യമായി തോന്നുകയും വേണം. ജീവിതത്തിൽ കാണിക്കുന്നതിന്റെ പകുതി മാത്രമേ കാമറ ഓൺ ചെയ്യുമ്പോൾ കൊടുക്കാൻ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകൾ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമയിൽ ബോധത്തോടെ പെരുമാറുന്നത് ഷൈൻ കൂട്ടിച്ചേർത്തു.

അഭിനയിക്കാൻ കിട്ടുന്ന കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന സമയം ആനന്ദകരമാക്കാറുണ്ട്. സ്ക്രീനിനു പുറത്ത് സന്തോഷമായി ഇരുന്നാൽ ക്യാമറയ്ക്ക് മുന്നിൽ നന്നായി പെർഫോം ചെയ്യാൻ പറ്റും. സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ  നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് കാമറക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ്.

വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത്, ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല. ഞാൻ ഇപ്പോഴും നൂറു പടം തികച്ചിട്ടില്ല. മലയാളികളുടെ മുന്നിൽ സിനിമ വലുതായി നിൽക്കുന്ന സമയത്താണ് സിനിമയെ ആഗ്രഹിച്ചത് –ഷൈൻ ടോം പറഞ്ഞു.

Tags:    
News Summary - Shine Tom Chacko Opens Up About His Personal Life And Communication Way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.