കശ്മീർ സംബന്ധിച്ച് വികലമായ ചിത്രീകരണത്തിലൂടെ വിവാദമായ ബോളിവുഡ് ചിത്രം 'ദി കശ്മീർ ഫയൽസി'ന് എതിരെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ചിത്രത്തെ പിന്തുണച്ചുകൊണ്ട് ബി.ജെ.പി സംഘ്പരിവാർ പ്രവർത്തകരും പ്രധാനമന്ത്രിയും മോദിയും ഒരു ഭാഗത്ത് നിലയുറപ്പിച്ചതോടെയാണ് രാജ്യത്ത് സിനിമ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചത്. സിനിമ പ്രദർശിപ്പിച്ച തിയറ്ററുകളിൽ ഹിന്ദുത്വ തീവ്രവാദികൾ മുസ്‍ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന സംഭവങ്ങളും ഉണ്ടായി. ഇപ്പോൾ സിനിമക്ക് സംഗപ്പൂരിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മുസ്‌ലിംകൾക്കെതിരെ ഏകപക്ഷീയമായ രീതിയിൽ നിർമിച്ചിരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാർദം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിംഗപ്പൂർ വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.എം.ഡി.എ)യാണ് വിലക്കേർപ്പെടുത്തിയത്.
ആഭ്യന്തര, സാംസ്‌കാരിക-യുവജന മന്ത്രാലയങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഐ.എം.ഡി.എ അറിയിച്ചു. സിനിമയിൽ കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിക്കുകയും മുസ്‌ലിംകളെ ഏകപക്ഷീയമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തതായി മന്ത്രാലയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫിലിം ക്ലാസിഫിക്കേഷൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഐ.എം.ഡി.എ പറയുന്നു.
സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തിൽ നിലനിൽക്കുന്ന മതസൗഹാർദവും സാമൂഹിക അഖണ്ഡതയും തകർക്കുന്നതാണിത്-ഐ.എം.ഡി.എ സൂചിപ്പിക്കുന്നു.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ 'ദി കശ്മീർ ഫയൽസി'നെതിരെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്താൽ കശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും സംഘ്പരിവാർ നൽകിയിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.