മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന് 'ആർ.ആർ.ആർ' ടീമിന്‍റെ ജന്മദിന സമ്മാനം. ബ്രഹ്മാണ്ഡ ചിത്രമായ 'ആർ.ആർ.ആർ' ലെ ക്യാരക്ടർ പോസ്റ്റർ സംവിധായകൻ രാജമൗലി പുറത്തുവിട്ടു. നായകൻ അല്ലൂരി സീതാരാമ രാജു (രാംചരൻ)വിനെ കാത്തിരിക്കുന്ന സീതയുടെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'രാമരാജുവിനായി നിശ്ചയദാർഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പച്ചസാരിയിൽ അതീവ സുന്ദരിയായിരിക്കുന്ന ആലിയയുടെ ചിത്രമാണ് പുറത്തുവിട്ടത്.
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർ.ആർ.ആർ. രൗദ്രം, രണം, രുദിരം എന്നതിന്‍റെ ചുരുക്കപ്പേരാണ് ആർ.ആർ.ആർ. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥ പറയുന്ന ചിത്രമാണിത്.
കോവിഡ് പ്രതിസന്ധിമൂലം സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. 2020 ഡിസംബറിലാണ് ആലിയ 'ആർ.ആർ.ആർ' ടീമിനൊപ്പം ചേർന്നത്. രാജമൗലിക്കും അണിയറപ്രവർത്തകർക്കും ഒപ്പം ആലിയ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. രാംചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗൺ, ശ്രീയ ശരൺ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. ഒക്ടോബറിലായിരിക്കും ആർ.ആർ.ആറിന്‍റെ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.