SS Rajamouli

'ആദ്യ ഷോട്ടിൽ തന്നെ ആകർഷിച്ചു'; എമ്പുരാന്‍റെ ട്രെയിലറിനെക്കുറിച്ച് രാജമൗലി

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തെത്തിയതോടെ ആരാധകർക്ക് ആവേശം ഏറുകയാണ്. ഇപ്പോഴിതാ ട്രെയിലര്‍ കണ്ട സംവിധായകന്‍ എസ്. എസ്. രാജമൗലി പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

'ട്രെയിലർ ആദ്യ ഷോട്ടിൽ തന്നെ എന്നെ ആകർഷിച്ചു... മോഹൻലാൽ സാറിന്റെ ശക്തമായ സാന്നിധ്യം ശരിക്കും ആകർഷകമാണ്! ഇതിനകം തന്നെ ഒരു ബ്ലോക്ക്ബസ്റ്റർ പോലെ തോന്നുന്നു'- എന്നാണ് രാജമൗലി എക്സിൽ പ്രതികരിച്ചത്.

ആശിർവാദ് സിനിമാസ് പുറത്തിറക്കിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അർധരാത്രി പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം 40 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെയാണ് എമ്പുരാൻ റിലീസിനെ കാത്തിരിക്കുന്നത്. മാർച്ച് 27നാണ് സിനിമ ആഗോള റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ.

ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.

മുരളി ഗോപി തിരക്കഥ രചിച്ച ചിത്രത്തിൽ ദീപക് ദേവാണ് സംഗീതം നൽകുന്നത്. സുജിത് വാസുദേവൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ അഖിലേഷ് മോഹനനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, അർജുൻ ദാസ്, എറിക് എബൗയേനെ, അഭിമന്യു സിങ്, ആൻഡ്രിയ തിവാടർ, സാനിയ ഇയ്യപ്പൻ തുടങ്ങിയ വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. 

Tags:    
News Summary - SS Rajamouli praises the Empuraan' trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.