ഓസ്കാർ വേദിയിലും ഗസ്സയുടെ ശബ്ദം; വെടിനിർത്തൽ ആവശ്യവുമായി താരങ്ങൾ

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററിൽ നടന്ന 96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലും ഗസ്സക്കായി ശബ്ദമുയർന്നു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ചുവന്ന ബാഡ്ജ് (റെഡ് പിൻ) ധരിച്ചാണ് നിരവധി താരങ്ങളെത്തിയത്. 'ആർട്ടിസ്റ്റ് ഫോർ സീസ്ഫയർ' എന്ന കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിനെതിരെ പ്രതിഷേധിക്കുന്ന അഭിനേതാക്കളുടെയും സംഗീത മേഖലയിൽ നിന്നുള്ളവരുടെയും മറ്റ് കലാകാരന്മാരുടെയും പൊതുവേദിയാണ് ആർട്ടിസ്റ്റ് ഫോർ സീസ്ഫയർ. എത്രയും വേഗം ഗസ്സയിൽ മാനുഷിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. ഗസ്സയിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

 

പ്രശസ്ത ഗായിക ബില്ലി ഐലിഷ്, നടൻ മാർക്ക് റുഫലോ, സംവിധായിക അവ ഡുവെർന, ഹാസ്യതാരം റാമി യൂസ്സെഫ്, നടൻ റിസ് അഹമ്മദ്, നടൻ മഹർഷല അലി തുടങ്ങിയ നിരവധി താരങ്ങൾ ചുവന്ന ബാഡ്ജ് ധരിച്ചാണ് ഓസ്കർ ചടങ്ങിനെത്തിയത്. നടന്മാരായ മിലിയോ മചാഡോ ഗാർനർ, സ്വാൻ അർലൗഡ് എന്നിവർ ചുവന്ന ബാഡ്ജിനൊപ്പം ഫലസ്തീനിയൻ പതാകയും വസ്ത്രത്തിൽ പതിച്ചിരുന്നു.

 

380ലേറെ താരങ്ങൾ ചേർന്ന് 'ആർട്ടിസ്റ്റ് ഫോർ സീസ്ഫയർ' കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ജോ ബൈഡനും ലോകനേതാക്കൾക്കും കത്തെഴുതി. വെടിനിർത്തൽ നടപ്പാക്കുക, ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുക, ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ജെന്നിഫർ ലോപസ്, ക്വിന്‍റ ബ്രൻസൻ, ജെസീക്ക ചാസ്റ്റെയിൻ, കേറ്റ് ബ്ലാൻചെറ്റ് തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. 

 

Tags:    
News Summary - Stars Wearing Artists4Ceasefire Pins on Oscars 2024 Red Carpet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.