സംസ്ഥാന ചലച്ചിത്ര പുരസ്കാരം: സുഹാസിനി ജൂറി ചെയര്‍പേഴ്സണ്‍; സ്ക്രീനിങ്​ തുടങ്ങി

തിരുവനന്തപുരം: 2020ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയര്‍പേഴ്സണ്‍. അവാര്‍ഡിന് സമര്‍പ്പിക്കപ്പെടുന്ന എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതി​െൻറ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്കരിച്ചതിനുശേഷമുള്ള ആദ്യ പുരസ്കാര നിർണയമാണ് ഇത്തവണത്തേത്.

എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകന്‍ പി. ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടുതവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ.പി. രാജഗോപാലന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ഷെഹ്​നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

സുഹാസിനി, പി. ശേഷാദ്രി, ഭദ്രന്‍ എന്നിവര്‍ക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ. മുരളീധരന്‍, സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മോഹന്‍ സിതാര, മൂന്ന് ദേശീയപുരസ്കാരം നേടിയ സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍. ശശിധരന്‍ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെംബര്‍ സെക്രട്ടറിയായിരിക്കും. പ്രാഥമിക ജൂറിയില്‍ എട്ടംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴംഗങ്ങളുമാണുള്ളത്.

ഡോ.പി.കെ. രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ഡോ. മുരളീധരന്‍ തറയില്‍, ഡോ. ബിന്ദുമേനോന്‍, സി. അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. 80 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ നാലെണ്ണം കുട്ടികള്‍ക്കുള്ള ചിത്രങ്ങളാണ്. സെപ്റ്റംബര്‍ 28ന് രാവിലെ ജൂറി സ്ക്രീനിങ്​ ആരംഭിച്ചു.

Tags:    
News Summary - State Film Award: Actor Suhasini Jury Chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.