മുംബൈ: ബോളിവുഡ് നടി തപ്സി പന്നുവിന്‍റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദം പുകയുകയാണ്. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ അധികാര സ്ഥാപനങ്ങൾ ഉപയോഗിച്ച് വേട്ടയാടുന്നതിൽ പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. സംഭവത്തിൽ തപ്സി പന്നുവിന്‍റെ കാമുകനും ഇന്ത്യൻ ബാഡ്മിന്റൺ കോച്ചുമായ മാതിയാസ് ബോ പ്രതികരിച്ചിരുന്നു.
''ഒരു ചെറിയ കുഴപ്പത്തിൽ പെട്ടിരിക്കുകയാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ചില മികച്ച അത്ലറ്റുകളുടെ പരിശീലകനെന്ന നിലയിൽ ഞാൻ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ്. അതേസമയം, നാട്ടിൽ ഐ.ടി വകുപ്പ് തപ്സിയുടെ വീട് റെയ്ഡ് ചെയ്യുന്നു. അത് അവളുടെ കുടുംബത്തിനും പ്രത്യേകിച്ച് അവളുടെ മാതാപിതാക്കളിലും അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയാണ്''. - മാതിയാസ് ട്വീറ്റ് ചെയ്തു. ഒപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനെ മെൻഷൻ ചെയ്ത അദ്ദേഹം ഇക്കാര്യത്തിൽ ദയവായി എന്തെങ്കിലും ചെയ്യണമെന്നും അപേക്ഷിച്ചു.
വൈകാതെ കിരൺ റിജിജുവിന്‍റെ മറുപടിയുമെത്തി. ''ദേശത്തിന്‍റെ നിയമം പരമോന്നതാണ്. നാം അത് പാലിച്ചിരിക്കണം. വിഷയം നിങ്ങളുടെയും എന്‍റെയും പ്രവർത്തനമേഖലക്ക് പുറത്തുള്ളതാണ്. ഇന്ത്യൻ കായിക മേഖലയുടെ നല്ലതിനായി നമുക്ക് നമ്മുടെ പ്രഫഷണൽ ചുമതലകളിൽ ഉറച്ചുനിൽക്കാം. -എന്നായിരുന്നു അദ്ദേഹം മാതിയാസ് ബോയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചത്. മുൻ ഡാനിഷ് ബാഡ്മിന്റൺ താരമായ മാതിയാസ് നിലവിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾക്കൊപ്പം സ്വിസ് ഓപണിന്‍റെ ഭാഗമായി സ്വിറ്റ്സർലാൻഡിലാണ്.
Law of the land is supreme and we must abide by that. The subject matter is beyond yours and my domain. We must stick to our professional duties in the best interest of Indian Sports. https://t.co/nIIf5C8TXL
— Kiren Rijiju (@KirenRijiju) March 5, 2021
തപ്സിയെ കൂടാതെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെയും വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കേന്ദ്രസർക്കാറിനെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന ഇരുവരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ബോളിവുഡിന് അകത്തുനിന്നും പുറത്തുനിന്നും പ്രതിഷേധം ശക്തമാണ്. മുംബൈ, പുണെ എന്നിവിടങ്ങളിലെ വീടുകളിലും വിവിധ ഓഫിസുകളിലുമായി 20ഓളം ഇടങ്ങളിൽ റെയ്ഡ് നടന്നു. ബുധനാഴ്ച്ച തപ്സിയുടെയും അനുരാഗിന്‍റെയും വീടുകളിൽ ആറ് മണിക്കൂറോളമായിരുന്നു ഐ.ടി വകുപ്പ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.