അക്ഷയ് കുമാർ തെറ്റിദ്ധരിച്ചു, അദ്ദേഹത്തിന്റെ വാക്കുകളിൽ സന്തോഷവും അഭിമാനവുമുണ്ട്; വൈറൽ അഭിമുഖത്തെക്കുറിച്ച് സുരഭി ലക്ഷ്മി

ദേശീയ പുരസ്കാര വേദിയിവെച്ച് പരിചയപ്പെട്ട മലയാളി നടിയെക്കുറിച്ചുള്ള നടൻ അക്ഷയ് കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി സുരഭി ലക്ഷ്മിയെ കുറിച്ചായിരുന്നു നടൻ പറഞ്ഞത്. ആദ്യ സിനിമക്ക് ലഭിച്ച ദേശീയ പുരസ്കാരം സ്വീകരിക്കാനാണ് ആ പെൺകുട്ടിയെത്തിയതെന്നാണ് സുരഭിയെക്കുറിച്ച് അക്ഷയ് പറഞ്ഞത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ അതിൽ ചെറിയൊരു പിഴവ് ഉണ്ടെന്ന് പറയുകയാണ് സുരഭി ലക്ഷമി .അക്ഷയ് കുമാർ തെറ്റിദ്ധരിച്ചതാണെന്നും എന്നാൽ അദ്ദേഹം ആ സംഭാഷണം ഓർമിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും സുരഭി ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'അന്ന് എന്റെ തൊട്ട് അടുത്ത സീറ്റിലാണ് അദ്ദേഹം ഇരുന്നത്. അക്ഷയ് കുമാറിനോട് സംസാരിക്കാനായി ഹിന്ദിയിൽ നാലു വരിയും പഠിച്ചാണ് പോയത്. പണ്ട് ദൂരദർശനിനിലുണ്ടായിരുന്ന അക്ഷയ് കുമാറിന്റെ'റഫ് ആൻഡ് ടഫ്' ജീൻസിന്റെ പരസ്യത്തിനെക്കുറിച്ച് സംസാരിച്ചു. പിന്നീടാണ് സിനിമയെ കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്. ആദ്യത്തെ ലീഡ് ചെയ്ത ചിത്രമാണ് എന്റെ ദേശീയ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് പറഞ്ഞത്. പക്ഷെ പുള്ളി വിചാരിച്ചു ഫസ്റ്റ് പടമാണെന്ന്. അതാണ് പിന്നീട് വൈറലായി മാറിയത്.അത് എന്റെ ഭാഗത്തു നിന്ന് ഉണ്ടായ പിഴ മാത്രമാണ്. അദ്ദേഹത്തിന് വേണം എങ്കിൽ അത് പറയാതിരിക്കാം, പക്ഷെ അദ്ദേഹം ആ സംഭാഷണം ഓർത്തിരുന്നതിൽ വളരെ സന്തോഷമുണ്ട്'- സുരഭി പറഞ്ഞു.

2017-ലായിരുന്നു അക്ഷയ് കുമാറിനും സുരഭി ലക്ഷ്മിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. റുസ്തം എന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടികൊടുത്തത്. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് സുരഭി പുരസ്കാരത്തിനർഹയായത്.

സുരഭിയെ കുറിച്ചുള്ള അക്ഷയ് കുമാറിന്റെ വൈറൽ അഭിമുഖം ഇങ്ങനെ....

'ദേശീയ പുരസ്കാരം വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, ‘‘സർ… താങ്കൾ എത്ര സിനിമ ചെയ്‌തിട്ടുണ്ട്?’’ 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ‘‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’’ ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി. സർ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവർ പറഞ്ഞത്. ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?' 

Tags:    
News Summary - Surabhi Lakshmi About Akshy Kumar Viral Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.