ന്യൂഡൽഹി: സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചതിൽ ചലചിത്രതാരം സുരേഷ് ഗോപി അതൃപ്തനാണെന്ന റിപ്പോർട്ടുകൾക്കിടെ, സുരേഷ് ഗോപിയെ അധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാർഥികളും. സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിർക്കുന്നതായി വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിന്ദുത്വ ആശയവുമായും ബി.ജെ.പിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധമാണ് എതിർപ്പിനു പിന്നിലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനു ഭീഷണിയാകുന്ന പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ധ്രുവീകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ഇൻസ്റ്റിറ്റ്യൂട്ട് എക്കാലവും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയും പ്രസ്താവനയിൽ പങ്കുവയ്ക്കുന്നു.
സുരേഷ് ഗോപിയെ അധ്യക്ഷനായി നിയമിച്ചത് സ്ഥാപനത്തിന്റെ സൽപ്പേരിനെയും, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് തുല്യമായ ഇടം നൽകി ഒരുമിച്ചു വളരാൻ അവസരം നൽകുന്ന സ്ഥാപനത്തിന്റെ മികവിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
മൂന്നു വർഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചത്. ഇതിനിടെ, ബി.ജെ.പിക്കകത്തെ ഗ്രൂപ്പിസത്തിെൻറ ഭാഗമായാണ് സുരേഷ് ഗോപിയെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കാനുളള തീരുമാനത്തിനുപിന്നിലെന്നാണ് സംസാരം. തൃശൂർ മണ്ഡലം സ്വന്തമാക്കുമെന്ന പ്രസ്താവനയുമായി നടക്കുന്ന സുരേഷ് ഗോപിയെ ഒതുക്കാൻ ചിലർ ശ്രമിക്കുന്നതായുള്ള വിമർശനം ഉയരുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.