ആത്മഹത്യചിന്ത അലട്ടി; ജീവിക്കാൻ മെക്കാനിക്കായും ടാക്സി ഡ്രൈവറായും ജോലി ചെയ്തു; മനസ്സ് തുറന്ന് നടൻ അബ്ബാസ്

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ റൊമാന്‍റിക് ഹീറോയായിരുന്നു അബ്ബാസ്. കഴിഞ്ഞ എട്ടു വർഷമായി അഭിനയരംഗത്ത് നിന്നു വിട്ടു നില്‍ക്കുകയാണ് നടൻ. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന ഒരാൾ പൊടുന്നനെ മറഞ്ഞുപോയതു പോലെ.

ഇതിനിടെ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലാണ് അബ്ബാസ് കഴിഞ്ഞത്. സിനിമയിലേക്ക് തിരിച്ചു വരാന്‍ ആരാധകര്‍ പറയുന്നുണ്ടെങ്കിലും താരം സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. അപൂർവമായി മാത്രമാണ് അബ്ബാസ് അഭിമുഖം നൽകിയിരുന്നത്. തന്നെ ആത്മഹത്യ ചിന്തകൾ അലട്ടിയതിനെ കുറിച്ചും സിനിമയിൽനിന്ന് അകന്നുനിൽക്കാൻ തീരുമാനിച്ചതിന്റെ കാരണവും അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

ന്യൂസിലൻഡിൽ താമസിക്കുമ്പോൾ, ആരാധകരുമായി ബന്ധപ്പെടാൻ ഞാൻ സൂം കോളുകൾ ഉപയോഗിച്ചിരുന്നു. ആവശ്യമുള്ളവരെ, പ്രത്യേകിച്ച് ആത്മഹത്യ ചിന്തകളുമായി മല്ലിടുന്നവരെ സഹായിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്റെ കൗമാര കാലത്ത്, പത്താം ക്ലാസ് തോറ്റതിനു പിന്നാലെ ആത്മഹത്യ ചിന്ത അലട്ടിയിരുന്ന ഒരു പ്രക്ഷുബ്ധ കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അന്നത്തെ കാമുകിയുടെ വേർപാട് ആ ചിന്തകൾക്ക് ആക്കം കൂട്ടി. ഇതിനിടെയാണ് എനിക്ക് തിരിച്ചറിവുണ്ടായത് -അബ്ബാസ് പറഞ്ഞു.

കുട്ടിക്കാലത്ത് എനിക്ക് പഠനത്തിൽ താൽപര്യമില്ലായിരുന്നു. അക്കാദമിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ അളക്കുന്നതും വിലയിരുത്തുന്നതും ശരിയല്ലെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു. ഓരോരുത്തർക്കും അവരുടേതായ കഴിവുകളും ഗുണങ്ങളുമുണ്ടാകും. അത് തിരിച്ചറിഞ്ഞ് വളർത്തികൊണ്ടുവരികയാണ് വേണ്ടത്. എന്റെ ആരാധകരുമായി ബന്ധം സ്ഥാപിച്ച്, അവരുടെ വികാരങ്ങളും അനുഭവങ്ങളും പങ്കിടാൻ അവരെ പ്രോത്സാഹിപ്പിച്ച് അവരുടെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഞാൻ ആഗ്രഹിച്ചതെന്ന് നടൻ പറയുന്നു.

തുടക്കത്തിലെ നേട്ടങ്ങൾക്കു പിന്നാലെ, തന്‍റെ ഏതാനും സിനിമകൾ പരാജയപ്പെട്ടു. ഇത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും വീട്ടു വാടക ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റനായി ഏറെ പ്രയാസപ്പെടുകയും ചെയ്തു. നാലു തവണ ജപ്തി ഭീഷണി നേരിട്ടു. ഒടുവിൽ കുടുംബത്തിന്‍റെ ഉപജീവനത്തിനായി ഒരു ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തു. ന്യൂസിലൻഡിൽ ടാക്സി ഓടിക്കുകയും ചെയ്തിട്ടുണ്ടെന്നും നടൻ തുറന്നുപറയുന്നു.

Full View

ഞാൻ പൊതുവെ ഒരു സ്വകാര്യ വ്യക്തിയാണ്, അപൂർവമായി മാത്രമേ അഭിമുഖങ്ങൾ അനുവദിക്കാറുള്ളൂ. ഞാൻ വിദേശത്ത് താമസിക്കുമ്പോൾ, ചില മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, എന്റെ വാക്കുകൾ പലപ്പോഴും തെറ്റായാണ് ചിത്രീകരിക്കപ്പെട്ടത്. സനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചുമെല്ലാം ആരാധകർ പതിവായി ചോദിക്കാറുണ്ട്. ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്നും മരിച്ചുവെന്നുമൊക്കൊ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു, എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്താനാണ് ഈ അഭിസംബോധന -അബ്ബാസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Tamil actor Abbas on quitting films, working as a mechanic and driving taxis in New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.