ന്യൂഡൽഹി: 94ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തമിഴ് ചിത്രം 'കൂഴങ്കൾ' തെരഞ്ഞെടുത്തു. പി.എസ്. വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. നടി നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.
രാജ്യത്തെ വിവിധ ഭാഷകളിൽനിന്നുള്ള 14 ചിത്രങ്ങളിൽ നിന്നാണ് 'കൂഴങ്കൾ' തെരഞ്ഞെടുക്കപ്പെട്ടത്. സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ ജൂറിയാണ് സിനിമ തെരഞ്ഞെടുത്തത്.
മലയാള ചലച്ചിത്രമായ നായാട്ട് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. തമിഴില്‍നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ 'മണ്ടേല', വിദ്യ ബാലന് കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം 'ഷേര്‍ണി', സ്വാതന്ത്ര്യസമര നായകന് ഉദ്ധം സിങ്ങിൻെറ ബയോപിക് ആയി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത 'സര്‍ദാര്‍ ഉദ്ധം' തുടങ്ങിയവയും പട്ടികയിലുണ്ടായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ടാ'യിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്കറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. 'ജല്ലിക്കെട്ടി'ന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല. 2019ല്‍ 'ഗള്ളി ബോയ്', 2018ല്‍ 'വില്ലേജ് റോക്ക് സ്റ്റാര്‍സ്', 2017ല്‍ 'ന്യൂട്ടണ്‍', 2016ല്‍ 'വിസാരണൈ' സിനിമകളാണ് ഔദ്യോഗിക എന്‍ട്രികളായി അയക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.