മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊടും' ടൊവിനോ തോമസിന്റെ 'തല്ലുമാലയും'. ഒറ്റ ദിവസത്തിന്റെ വ്യത്യാസത്തിലാണ് ( ആഗസ്റ്റ് 11, 12) രണ്ട് ചിത്രങ്ങളും പ്രദർശനത്തിനെത്തിയത്. വ്യത്യസ്ത പ്രമേയത്തിൽ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും ഒരു പോലെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.
കനകം കാമിനി കലഹത്തിന് ശേഷം രതീഷ് രാമകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 11നാണ് പ്രദർശനത്തിനെത്തിയത്. ആറ് ദിവസം കൊണ്ട് 25 കോടിയാണ് നേടിയിരിക്കുന്നത്. കേസ് കൊടുത്ത് കുഞ്ചാക്കോ ബോബൻ 25 കോടി നേടിയപ്പോൾ ബോക്സ് ഓഫീസ് തല്ലിതകർത്ത് ടൊവിനോയും 25 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ഖാലീദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 12നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ കളക്ഷൻ 31 കോടി കഴിഞ്ഞു.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സന്തോഷ് . ടി. കുരുവിള നിർമിച്ച ചിത്രം വിവാദങ്ങളുടെ അകമ്പടിയോടെയാണ് തിയറ്ററുകളിൽ എത്തിയത്. പ്രദർശനത്തിന് മുൻപ് പോസ്റ്ററിലൂടെ ജനങ്ങളെ ആകർഷിച്ച സിനിമ തിയറ്ററുകളിലും നിരാശപ്പെടുത്തിയില്ല. രതീഷ് രാമകൃഷ്ണ പൊതുവാൾ എന്ന സംവിധായകന്റെ ശൈലിയും കുഞ്ചോക്കോ ബോബന്റെ പ്രകടനവും ബോക്സ് ഓഫീസ് തൂഫാനാക്കി.
ഒരു കുഴിയുണ്ടാക്കിയ പ്രശ്നത്തിലൂടെ കുഞ്ചാക്കോ ബോബൻ തിയറ്ററിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ ഒന്നാന്തരം തല്ലിലൂടെയാണ് ടൊവിനോ ഇടം നേടിയത്. മണവാളൻ വസീമായി ടൊവിനോ എത്തിയപ്പോൾ ബീപാത്തുവായത് കല്യാണി പ്രിയദർശനാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. ടൊവിനോക്കും കല്യാണിക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.