കൊച്ചി: ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ ബസ് തടയലും തുടർന്നുണ്ടായ പൊലീസ് അതിക്രമവും പ്രമേയമാക്കി ചിത്രീകരിച്ച ‘തങ്കമണി’ സിനിമ വ്യാഴാഴ്ച റിലീസ് ചെയ്യുന്നത് തടയണമെന്ന ആവശ്യം ഹൈകോടതി തള്ളി. അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്നും പ്രദർശനം തടയണമെന്നും ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി.ആർ. വിജു നൽകിയ ഹരജിയിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്. 33 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രദർശനം വിലക്കണമെന്ന ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
പൊലീസിനെ ഭയന്ന് പുരുഷന്മാർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുടർന്ന് പൊലീസ് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സിനിമയിൽ കാണിക്കുന്നുണ്ടെന്നും ഇത് വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു സംഭവം ഉണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും സാങ്കൽപിക സൃഷ്ടിയാണെന്നും ഹരജിയിലുണ്ട്.
സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ മിനിറ്റ്സ് ഹാജരാക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. സിനിമയെ ചോദ്യംചെയ്യുന്ന ഹരജി നേരത്തേ ഹൈകോടതി തീർപ്പാക്കിയിരുന്നു. എന്നാൽ, സെൻസർ ബോർഡ് സിനിമക്ക് സർട്ടിഫിക്കറ്റ് നൽകിയതിനെത്തുടർന്നാണ് റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് പുതിയ ഹരജി നൽകിയത്. കഴിഞ്ഞ ദിവസം ഹരജിയിൽ രഹസ്യവാദം കേട്ടിരുന്നു.
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കമണി'. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന 'തങ്കമണി'യിൽ അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ തുടങ്ങിയവർക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും വേഷമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.