പുരസ്കാരത്തിന്‍റെ സന്തോഷം അവഗണന നേരിട്ട സമൂഹത്തിന് സമർപ്പിക്കുന്നു -ചലച്ചിത്ര അവാർഡ് ജേതാവ് നേഹ

കോഴിക്കോട്: അവാർഡ് നേടിയതിന്‍റെ സന്തോഷം അവഗണയും പുച്ഛവും ഏറ്റ് വാങ്ങി കഴിഞ്ഞിരുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിന് സമർപ്പിക്കുന്നതായി 'അന്തരം' സിനിമയിലൂടെ ട്രാൻസ് ജെൻഡർ കാറ്റഗറിയിൽ പ്രത്യേക സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹയും സംവിധായകൻ മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തും. പ്രസ്‌ ക്ലബ്ബിൽ മീറ്റ്‌ ദ പ്രസ്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ട്രാൻസ്ജെൻഡർ സമൂഹത്തിന് സിനിമയിൽ സാന്നിധ്യമറിയിക്കാനാവുമെന്ന് തെളിയിച്ചതിൽ കേരളത്തോടും സംവിധായകനോടും കടപ്പെട്ടതായി നേഹ പറഞ്ഞു. ഈ വിഭാഗത്തോടുള്ള സമൂഹ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നത് സ്വാഗതാർഹമാണ്. ചെറുപ്പത്തിൽ കുടുംബമുപേക്ഷിച്ചിറങ്ങിയ താൻ സ്വന്തം കുടുംബം പോലെയാണ് സിനിമയിൽ പ്രവർത്തിച്ചതെന്ന് നേഹ പറഞ്ഞു.

താനൊരു അനർഥമാണെന്ന വിധമാണ് സ്വന്തം കുടുംബത്തിലെ അംഗങ്ങൾ കണക്കാക്കിയത്. മറ്റുള്ളവരപ്പോലെ മനുഷ്യജീവിയായി പരിഗണിക്കാതെ അവഗണിച്ചു. പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും കുടുംബം തണലല്ലാതായി. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പിതാവിന്‍റെ മർദനമേറ്റു. തഞ്ചാവൂരിലെ വീട്ടിൽ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടേണ്ടി വന്നു. സിനിമക്കായി കോഴിക്കോട്ടെത്തിയപ്പോൾ സ്വന്തം കുടുംബത്തിൽ വന്ന സന്തോഷം. മുഖ്യ ധാരാ സിനിമയിൽ ട്രാൻസ് ജന്‍ററിനെ തമാശക്കും മറ്റും വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് മാറ്റങ്ങൾ പ്രകടമാണ് -നേഹ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് ട്രാൻസ്ജെൻഡറുകളുടെ പടമെടുത്ത് തുടങ്ങിയപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നുവെന്ന് അഭിജിത് അനുസ്മരിച്ചു. ഇന്ന് നിയമ സുരക്ഷയും അവർക്കുള്ള അംഗീകാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. ആദ്യഘട്ടത്തിൽ പരിഗണിക്കാതിരുന്ന 'അന്തരം' ജൂറി തിരിച്ച് വിളിച്ചാണ് അവാർഡ് നൽകിയതെന്ന് അറിഞ്ഞതായി അഭിജിത് പറഞ്ഞു.

പടത്തിൽ അഞ്ജലി എന്ന കഥാപാത്രമായി അഭിനയിക്കുന്നതിനായി നേഹയെ കണ്ടെത്തിയത് ഏറെ കഷ്ടപ്പെട്ടാണ്. പുരസ്ക്കാര വിവരം അറിയിക്കാനായി അമ്മയെ വിളിച്ചപ്പോൾ വലിയ സന്തോഷമായെങ്കിലും തന്‍റെ കാര്യത്തിൽ അവരിപ്പോഴും നിസ്സഹായയാണെന്ന് നേഹ പറഞ്ഞു.

നേഹയുടെ ആദ്യ ഫീച്ചർ സിനിമയാണ് 'അന്തരം'. ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് നിരവധി ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനാണ് അഭിജിത്ത്. ചിത്രത്തിൽ കണ്ണൻനായരാണ് നായകൻ. നക്ഷത്ര മനോജ്, എ. രേവതി, എൽസി സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായത്. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കാമറാമാൻ എ. മുഹമ്മദ്, പ്രസ്ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ്, ജോ. സെക്രട്ടറി എ. സജിത്ത് എന്നിവരും മീറ്റ് ദ പ്രസിൽ സംസാരിച്ചു.

Tags:    
News Summary - The joy of award is dedicated to the neglected transgender community - Film Award winner Negha and P abhijith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.