പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്‍റെയും നാല് വർഷങ്ങൾ അവസാനിക്കുകയാണ്; വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ‘തുറമുഖം’ നിര്‍മാതാവ്

സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്‍റെയും വേദന നിറഞ്ഞ നാലു വർഷത്തിനാണ് ഇന്നത്തോടെ അവസാനമാകുന്നതെന്ന് ‘തുറമുഖം’ സിനിമയുടെ നിർമാതാവ് സുകുമാര്‍ തെക്കേപ്പാട്ട്. പല പ്രാവശ്യം സിനിമ റിലീസിന് തയാറെടുത്തെങ്കിലും നടപടിയായില്ല. ഇതിൽ സ്ഥാപിത താൽപര്യക്കാരായ ചിലർ ഉണ്ടായിരുന്നു. അവർ അതിന് അപ്പോഴെല്ലാം ബോധപൂർവം തടസ്സം നിന്നെന്നും താന്‍ ആർജിച്ച ജീവിതത്തിന്‍റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത്‌ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖം സിനിമയുടെ നിര്‍മാതാവിനെതിരായി നടന്‍ നിവിന്‍ പോളി ഉൾപ്പടെയുള്ളവർ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെല്ലാം പ്രതികരണവുമായാണ് നിര്‍മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഇത്രയും നീണ്ടത് നിർമാതാവിന്‍റെ പ്രശ്‌നമാണെന്നും കോടികളുടെ ബാധ്യത തന്‍റെ തലയിലിടാൻ ശ്രമിച്ചതായും റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍ നിവിന്‍ പോളി തുറന്നടിച്ചിരുന്നു.

സുകുമാര്‍ തെക്കേപ്പാട്ടിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തുറമുഖം സിനിമ നിങ്ങൾക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തിയറ്ററിൽത്തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് 'തുറമുഖം' എന്നാണ് എന്‍റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്‍റെയും അങ്ങേയറ്റം വേദന കഴിഞ്ഞ നാല് വർഷം സഹിക്കേണ്ടി വന്ന എന്‍റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താൽപര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവം തടസ്സം നിന്നെന്നും തന്നെ പറയേണ്ടിവരും. ഞാൻ ആർജിച്ച ജീവിതത്തിന്‍റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത്‌ പറയുന്നില്ല.

ഓരോ ഘട്ടത്തിലും ട്രെയിലറിന്‍റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ, തനിക്കു സിനിമ നിർമിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്‍റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെൻഡർ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികൾ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം. ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആകാത്ത സാഹചര്യത്തിൽ ചില ചെറിയ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.

വേദനയുടെ വല്ലാത്ത തീച്ചൂളയിൽ നിന്ന് കാലും കയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേർത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത്‌ പറയുന്നില്ല. അവരോട് നന്ദി പറയാൻ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയിൽത്തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.

തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി സുകുമാർ തെക്കേപ്പാട്ട്

Tags:    
News Summary - The producer of 'thuramukham' movie responded to the criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.