പാലക്കാട്: നല്ല സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാത്ത സാഹചര്യം നിലനിൽക്കുന്നതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ആസ്വാദകർക്ക് മികച്ച ചിത്രങ്ങൾ കാണാനുള്ള അവസരമാണ് രാജ്യാന്തര ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നത്. ഈ സ്വീകാര്യത നല്ല സിനിമക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലിം ഡെവലപ്മെൻറ് കോർപറേഷൻ മുഖേന കേരളത്തിൽ കൂടുതൽ സിനിമാ തിയറ്ററുകൾ നിർമിക്കണം. ഇതുവഴി കോർപ്പറേഷേൻറതായ ഒരു തിയറ്റർ ശൃംഖല തന്നെ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ തിയറ്റർ ഉടമകൾ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നും അടൂർ അഭ്യർഥിച്ചു.
25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് പാലക്കാടിെൻറ മണ്ണിൽ കൊടിയിറക്കം. തിരുവനന്തപുരത്തു ഫെബ്രുവരി 10ന് ആരംഭിച്ച മേള എറണാകുളം, കണ്ണൂർ ജില്ലകളിലെ പതിപ്പുകൾക്കു ശേഷമാണ് പാലക്കാട്ട് സമാപനം കുറിച്ചത്. കാൽ നൂറ്റാണ്ടിെൻറ ചരിത്രത്തിലാദ്യമായാണ് നാലിടങ്ങളിലായി മേള നടത്തിയത്. യുവജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മേളയിൽ എണ്ണായിരം പ്രതിനിധികൾക്കായി 30 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് പ്രദർശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മേളയിൽ പുറം ദേശങ്ങളിൽ നിന്നുള്ള അതിഥികൾ ഓൺലൈനായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തതും ചലച്ചിത്ര പ്രേമികൾക്ക് നവ്യാനുഭവമായി.
ചിതങ്ങൾക്കു റിസർവേഷൻ സൗകര്യവും സീറ്റകലവും ഓരോ പ്രദർശനത്തിന് ശേഷം തിയറ്റർ ശുചീകരണവും പാലിച്ചതിലൂടെ രജത ജൂബിലി മേള കരുതലിെൻറ മേള കൂടിയായി. ലോക സിനിമക്കൊപ്പം മലയാള ചിത്രങ്ങളും മേളയുടെ ആവേശക്കാഴ്ചയായി. ചുരുളിയും ഹാസ്യവുമായിരുന്നു ഇത്തവണത്തെ മൽസര ചിത്രങ്ങളിലെ മലയാളി സാന്നിധ്യങ്ങൾ. ബിരിയാണി, വാസന്തി, അറ്റെൻഷൻ പ്ലീസ്, മ്യൂസിക്കൽ ചെയർ, ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങിയ മലയാള ചിത്രങ്ങൾ നാല് മേഖലകളിലും നിറഞ്ഞ സദസ്സുകളിലായിരുന്നു പ്രദർശിപ്പിച്ചത്.
ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, വൈഫ് ഓഫ് എ സ്പൈ, നൈറ്റ് ഓഫ് ദി കിങ്സ്, ദി വെയ്സ്റ്റ് ലാൻഡ്, ഡിയർ കോമ്രേഡ്സ്, ക്വോ വാഡിസ് ഐഡ, കോസ, പിഗ് തുടങ്ങിയ ലോക സിനിമകൾ പ്രേക്ഷക ഹൃദയം കീഴടക്കി. മേളയുടെ അവസാന ദിനത്തിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് ഉൾെപ്പടെ 21 സിനിമകളാണ് പ്രദർശനത്തിനെത്തിയത്. മത്സര ചിത്രങ്ങളായ ബിലേസുവർ, ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അക്ഷയ് ഇൻഡികർ സംവിധാനം ചെയ്ത ക്രോണിക്കിൾ ഓഫ് സ്പേസ്, സൗത്ത് ആഫ്രിക്കൻ ചിത്രം ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ്സ് എ റിസ്റക്ഷൻ, മോഹിത് പ്രിയദർശി സംവിധാനം ചെയ്ത കോസ, ആൻഡ്രിയ ക്രോതറിൻറെ ബേഡ് വാച്ചിങ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
25ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത 'ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസ്റക്ഷൻ' നേടി. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ് ചിത്രത്തിെൻറ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോൺലി റോക്കിെൻറ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് നേടി. മികച്ച സംവിധായകനുള്ള രജതചകോരം ദി നെയിംസ് ഓഫ് ദി ഫ്ലവേഴ്സിെൻറ സംവിധായകൻ ബാഹ്മാൻ തവോസിക്കാണ്.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരത്തിന് അസർബൈജാൻ ചിത്രം ഇൻ ബിറ്റ്വീൻ ഡയിങ് നേടി. ഹിലാൽ ബൈഡ്രോവ് ആണ് ചിത്രത്തിെൻറ സംവിധായകൻ. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ-കെ.ആര്. മോഹനന് പുരസ്കാരം 'സ്ഥൽ പുരാൻ'െൻറ സംവിധായകനായ അക്ഷയ് ഇൻഡിക്കറിനാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയർ നേടി.
കുടിയേറ്റത്തിെൻറയും ഭൂപരിഷ്കരണത്തിെൻറയും തണലുപറ്റി കറുപ്പും വെളുപ്പുമായി കഥ പറഞ്ഞ് നീങ്ങിയ '1956- മധ്യതിരുവിതാംകൂർ' പ്രേക്ഷകർക്ക് സമ്മാനിച്ചത് വേറിട്ട അനുഭവം. ഭൂപരിഷ്കരണത്തിെൻറ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയായിരുന്നു ഡോൺ പാലത്തറ സംവിധാനം ചെയ്ത '1956- മധ്യതിരുവിതാംകൂർ'െൻറ ഇതിവൃത്തം.
1956ല്‍ കോര, ഓനന്‍ എന്നീ സഹോദരങ്ങള്‍ ഏതാനും സുഹൃത്തുക്കളെ കൂട്ടി ഒരു കാട്ടുപോത്തിനെ വെടിവെക്കാന്‍ കാടിനുള്ളില്‍ പോകുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മധ്യവിതുവിതാംകൂറിെൻറ കഥാതന്തു. പരിഷ്കരണത്തോടനുബന്ധിച്ച് ഇടുക്കിയിലെ വനപ്രദേശങ്ങളിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതത്തില്‍ നിന്നുള്ള ഒരേടാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇടുക്കിയിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തകാലത്ത് പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം സിനിമകളില്‍ ഒന്നുമാണ്.
ശവം, വിത്ത് എന്നീ സിനിമകള്‍ക്കുശേഷമുള്ള ഡോണ്‍ പാലത്തറയുടെ ചിത്രമാണ് ഇത്. ആസിഫ് യോഗി, ജെയിന് ആന്‍ഡ്രൂസ്, കൃഷ്ണന് ബാലകൃഷ്ണന്, കനി കുസൃതി, ഷോണ്‍ റോമി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫിയാപിെൻറ (ഇൻറര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍സ്) അക്രെഡിറ്റേഷന്‍ ഉള്ള ലോകത്തിലെ 15 പ്രധാന ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ മോസ്കോ ചലച്ചിത്രോത്സവത്തിലായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ '1956, മധ്യതിരുവിതാംകൂര്‍'െൻറ വേള്‍ഡ് പ്രീമിയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.