കൊച്ചി: കോവിഡ് പ്രതിസന്ധിക്കുശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആദ്യദിനം കരുതലോടെ സിനിമപ്രേമികൾ. ബുധനാഴ്ച ഉച്ചയോടെയാണ് പ്രദർശനം തുടങ്ങിയത്. ഒന്നിടവിട്ട സീറ്റുകളിലായി മൊത്തം ശേഷിയുടെ പകുതിയിലാണ് ആളുകളെ പ്രവേശിപ്പിച്ചത്. ആദ്യ ഷോയിൽ അനുവദിച്ച സീറ്റിന്റെ പകുതി മാത്രമാണ് നിറഞ്ഞത്. എന്നാൽ, വൈകീട്ട് കൂടുതൽ പേരെത്തി. ഇതോടെ പല തിയറ്ററിലും ഹൗസ് ഫുള്ളായി.
എറണാകുളത്തെ തിയറ്ററുകളിൽ കൂടുതൽ പേർ എത്തിയത് ജയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' കാണാനാണ്. ഡാനിയൽ ക്രേഗിെൻറ ഈ ഇംഗ്ലീഷ് ചിത്രത്തിലൂടെ കേരളത്തിലെ തിയറ്ററുകളിൽ കോവിഡിനുശേഷം സിനിമപ്രേമികളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ഇംഗ്ലീഷ് ചിത്രങ്ങളായ വെനം, ഷാങ്ചി, തമിഴ് ചിത്രം ഡോക്ടർ, സൽമാൻ ഖാൻ ചിത്രം രാധേ എന്നിവയാണ് ആദ്യദിനങ്ങളിൽ തിയറ്ററുകളിൽ എത്തുന്നത്.പൃഥ്വിരാജ്, ജോജു ജോർജ് എന്നിവർ അഭിനയിക്കുന്ന 'സ്റ്റാർ' തിയറ്റർ റിലീസിന് എത്തുന്ന ആദ്യ മലയാളചിത്രമാകും. വെള്ളിയാഴ്ച മുതൽ ഇതിെൻറ പ്രദർശന ബുക്കിങ് തുടങ്ങി. മിക്കവാറും ഓൺലൈൻ ബുക്കിങ്ങായതിനാൽ തിയറ്ററുകൾക്ക് മുന്നിൽ തിരക്കില്ല.
ഓരോ ഷോ കഴിയുേമ്പാഴും തിയറ്ററുകൾ സാനിറ്റൈസ് ചെയ്യുന്നുണ്ട്. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് പ്രവേശനം. ബുക്കിങ് ആപ്പുകളിൽ ഇക്കാര്യം ഉറപ്പാക്കുന്നുണ്ട്. അതേസമയം, സിനിമാ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരത്തിനായി മന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതതല യോഗം ചേരും. ധനകാര്യം, തദ്ദേശം, വൈദ്യുതി, ആരോഗ്യം വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ചർച്ച. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.