തൃശൂർ: 18ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഐ.എഫ്.എഫ്.ടി വർക്കിങ് ചെയർമാൻ കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം പി.വി. കൃഷ്ണൻ നായർ വിജയൻ പുന്നത്തൂരിന് നൽകി നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ നിവേദിത കളരിക്കൽ, സംവിധായകൻ ഡോ. ബിജു ദാമോദരൻ, അശോക് റാണെ, പ്രേമേന്ദ്ര മജുംദാർ, സംവിധായകൻ പ്രോംചന്ദ് എന്നിവർ സംസാരിച്ചു. കെ.കെ. അബ്ദുല്ല സ്വാഗതവും ഐ.എഫ്.എഫ്.ടി എക്സിക്യൂട്ടിവ് ഡയറക്ടർ ചെറിയാൻ ജോസഫ് നന്ദിയും പറഞ്ഞു.
ചലച്ചിത്ര പ്രതിഭ ജോൺ എബ്രഹാമിനെക്കുറിച്ച് പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോൺ’ എന്ന ഉദ്ഘാടന ഫീച്ചർ സിനിമ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ശോഭ സിറ്റി മാൾ സ്ക്രീൻ അഞ്ച്, ആറ് തിയറ്ററുകളിലായിരുന്നു പ്രദർശനം. ജോണിന്റെ ജീവിതാന്ത്യത്തിലെ മൂന്നു ദിവസത്തെ നാടകീയമായ ജീവിതമായിരുന്നു സിനിമക്കാധാരം. ‘ജോൺ’ സിനിമയുടെ, ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു അത്.സ്പെയ്ൻകാരുടെ തക്കാളി ആഘോഷമായ ‘ലാ ടൊമാറ്റിന’ എന്ന പേരിൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ രാജ്യത്ത് മാധ്യമപ്രവർത്തകർക്കും വിവരാവകാശ പ്രവർത്തകർക്കും എതിരെ നടക്കുന്ന അടിച്ചമർത്തലിന്റെ കഥ പറയുന്നു. എഴുത്തുകാരനായ ടി. അരുൺകുമാറിന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
ബാല്യത്തിലെ മോശം അനുഭവങ്ങളിൽനിന്ന് ഒടുവിൽ മോചനം ലഭിക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ‘നിഹാരിക’ എന്ന ഇന്ദ്രസിസ് ആചാര്യ സംവിധാനം ചെയ്ത ബംഗാളി സിനിമ, വാലന്റിന മോറൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്’ എന്നിവ പ്രേക്ഷകർ ആദ്യദിനം ഏറ്റുവാങ്ങി. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ യുക്രെയ്ൻ സിനിമ ‘ക്ലോൻഡിക്കേ’, സിദ്ദിഖ് പറവൂരിന്റെ ‘എന്ന് സ്വന്തം ശ്രീധരൻ’ എന്നീ ചിത്രങ്ങൾ ശനിയാഴ്ച പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.