നിവിൻ പോളി-രാജീവ് രവി ചിത്രം തുറമുഖം ട്രെയ്‌ലർ പുറത്തിറങ്ങി; ജൂൺ മൂന്നിന് തീയറ്ററുകളിലേക്ക്

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിനായി പ്രേക്ഷകർക്കുള്ള കാത്തിരിപ്പുകൾക്ക് ആവേശമേകി ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ മൂന്നിനാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.

 


പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂനിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് സിനിമ പറയുന്നത്. 

Tags:    
News Summary - thuramukham movie trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.