ഒരു സിനിമക്കായി ചെയ്ത ഏറ്റവും അപകടകരമായ ഷൂട്ട് എന്ന വിശേഷണവുമായി മിഷൻ ഇംബോസിബിൾ ലൊക്കേഷൻ വിഡിയോ പങ്കുവച്ച് നടൻ ടോം ക്രൂസ്. അഗാധമായ ഒരു കൊക്കയിലേക്ക് ബൈക്ക് ഓടിച്ചു വീഴുന്നതാണ് സീൻ. ബൈക്ക് ഓടിക്കുന്നത് ടോം ക്രൂസ് തന്നെയാണ്. ബൈക്കിനൊപ്പം ടോമും കൊക്കയിലേക്കു വീഴുന്നുണ്ട്. നോർവെയിലായിരുന്നു സിനിമയുടെ ലൊക്കേഷൻ.
മിഷൻ ഇംപോസിബിൾ സീരീസിലെ ഏഴാം ഭാഗമായ ‘ഡെഡ് റെക്കനിങി’നുവേണ്ടിയാണ് ടോം അതിസാഹസികമായ രംഗത്തിൽ അഭിനയിച്ചത്. സിനിമയുടെ പിന്നാമ്പുറ കാഴ്ചകളുടെ വിഡിയോയിലാണ് ഈ സ്റ്റണ്ട് രംഗം എങ്ങനെ ചിത്രീകരിച്ചുവെന്നു അണിയറക്കാർ വെളിപ്പെടുത്തുന്നത്. ടോം ക്രൂസ് തന്റെ സമൂഹമാധ്യമ അകൗണ്ടുകളിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് സീൻ ചിത്രീകരിക്കാൻ ടോം ക്രൂസിനും സംഘത്തിനും വേണ്ടിവന്നത് മാസങ്ങളാണ്. ഒരു ദിവസം മുപ്പതു തവണയാണ് സ്കൈ ഡൈവ് പരിശീലനത്തിനു വേണ്ടി ടോം വിമാനത്തിൽനിന്നു ചാടിയതെന്ന് പരിശീലകർ പറയുന്നു. അങ്ങനെ 500 ലധികം സ്കൈഡൈവുകളും 13,000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂർത്തിയാക്കി.
‘ഞങ്ങൾ ഇതുവരെ ശ്രമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകരമായ സ്റ്റണ്ടാണിത്. വർഷങ്ങളായി ഇതിന്റെ തയാറെടുപ്പിലായിരുന്നു. നോർവേയിലാണ് ഇതിന്റെ ചിത്രീകരണം നടന്നത്. ഒരു പാറക്കെട്ടിൽനിന്ന് താഴേക്കുള്ള മോട്ടർ സൈക്കിൾ ജംപാണ് ചിത്രീകരിക്കാൻ പോകുന്നത്. കുട്ടിക്കാലം മുതൽ ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ സാക്ഷാൽക്കരിക്കുന്നത്’–സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ക്രിസ്റ്റഫർ മക്ക്വയർ പറയുന്നു.
മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കനിങ്. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കുശേഷം ക്രിസ്റ്റഫർ മക്ക്വയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പാർട്ട് വൺ അടുത്ത വർഷം ജൂലൈ 14നും പാർട്ട് 2 2024 ജൂൺ 28നും തിയറ്ററുകളിലെത്തും. ഒന്നാം ഭാഗത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.