അപകീർത്തികരമായ പരാമർശം നടത്തിയ അണ്ണാഡി.എം.കെ സേലം വെസ്റ്റ് മുൻ യുണിയൻ സെക്രട്ടറി എ.വി രാജുവിനെതിരെ നിയമനടപടിക്കൊരുങ്ങി നടി തൃഷ. മാനനഷ്ടത്തിന് നടി നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി.
നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നിരുപാധികം മാപ്പ് പറയണമെന്നും തൃഷ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. കൂടാതെ വിവിധ പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോയും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്തില്ലെങ്കിൽ ക്രിമിനൽ, സിവിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു.
വിവാദ പരാമർശത്തിന് പിന്നാലെ എ.വി രാജുവിനെതിരെ ആഞ്ഞടിച്ച് തൃഷ രംഗത്തെത്തിയിരുന്നു. 'സമൂഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്നുവെന്ന് തൃഷ എക്‌സില്‍ കുറിച്ചു. എ.വി. രാജുവിന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു. 'ഈ ഒരു കാലത്തും സമൂഹത്തില്‍ ആളുകള്‍ ഇത്തരത്തില്‍ വെറുപ്പുളവാക്കുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെതിരെ നടപടി എടുക്കുമെന്നും ഇനിയങ്ങോട്ട് നിയമം ആയിരിക്കും സംസാരിക്കുന്നതെന്നും തൃഷ പറഞ്ഞു.
2017 ൽ എ.ഐ.എ.ഡി.എം.കെ എം.എൽ. എമാരുടെ ചേരിപ്പോരിനെ തുടർന്ന് ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച വിരുന്നിനെക്കുറിച്ച് പറയവെയാണ് തൃഷയുടെ പേര് പരാമർശിച്ചത്. നടിമാർ എത്തിയെന്നും ഇതിനായി ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയെന്നുമാണ് എ.വി. രാജു പറഞ്ഞത്. ഇതിനുപിന്നാലെയാണ് രൂക്ഷ വിമർശനവുമായി തൃഷ രംഗത്തെത്തിയത്.
എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ വിമർശനങ്ങളാണ് ഉയർന്നത്. തൃഷക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയിലുള്ളവരും ആരാധകരും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.