മേയ് മാസം തിയറ്ററുകളിലെത്തിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ടർബോ, ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങിയ തലവനും. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു രണ്ടു ചിത്രങ്ങൾക്കും ലഭിച്ചത്. ഇപ്പോഴിതാ ഇരു ചിത്രങ്ങളും ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഒ.ടി.ടി പ്ലേയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടത്.
രണ്ടു ചിത്രങ്ങളും സോണി ലീവിലാണ് എത്തുന്നത്. മമ്മൂട്ടിയുടെ ടർബോ ജൂലൈ മാസത്തിൽ പുറത്തുവരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രം ആഗസ്റ്റിലാകും സ്ട്രീമിങ് ആരംഭിക്കുക. സെപ്റ്റംബറിൽ ഓണം റിലീസായിട്ടാണ് ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എത്തുന്നത്. എന്നാൽ രണ്ട് ചിത്രങ്ങളുടെയും തീയതി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം മേയ് ഒന്നിന് തിയറ്ററുകളിലെത്തിയ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ ചിത്രം മലയാളി ഫ്രം ഇന്ത്യ സോണി ലീവിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ, സലീം കുമാർ, വിജയകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചത്.
ടർബോയിൽ ജീപ്പ് ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ആക്ഷന് ഏറെ പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്.മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയാണ് ചിത്രത്തിലെ വില്ലൻ.
അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് തലവൻ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.