മിർസാപുർ, സേക്രഡ് ഗെയിംസ്, സ്കാം 1992, പഞ്ചായത്ത്, ഫാമിലി മാൻ, റോക്കറ്റ് ബോയ്സ്, കോട്ട ഫാക്ടറി; ഇന്ത്യൻ വെബ് സീരീസുകളിൽ ഏറ്റവും ജനപ്രിയമായ ഏതാനും ഷോകളാണിവ. ഈ നിരയിലേക്ക് ആദ്യ സീസണിൽതന്നെ കടന്നിരുന്ന സീരീസാണ് ‘ആസ്പിരന്റ്സ്’. ഒറ്റ സീസൺകൊണ്ടുതന്നെ ഐ.എം.ഡി.ബി റേറ്റിങിൽ ആദ്യ 10ൽ എത്താൻ ആസ്പിരന്‍റിനായി. ഇപ്പോഴിതാ ആസ്പിരന്‍റ് രണ്ടാം സീസണും ജനപ്രിയമായി തുടരുകയാണ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ആസ്പിരന്റ്സ് സീസൺ 2 ഐ.എം.ഡി.ബി റേറ്റിംഗിൽ മിർസാപൂരിനെയും പഞ്ചായത്തിനെയും പിന്നിലാക്കിയിരിക്കുകയാണ്. ഒക്ടോബർ 25നാണ് പ്രൈം വിഡിയോയിൽ ആസ്പിരന്റ്സ് റിലീസ് ചെയ്തത്. സീരീസ് ഐഎംഡിബിയിൽ 9.2/10 റേറ്റിംഗ് നേടിയാണ് ജനപ്രിയമായിരിക്കുന്നത്. ഐഎംഡിബിയിൽ മിർസാപൂരിന് 8.5ഉം പഞ്ചായത്തിന് 8.9 റേറ്റിംഗുമാണ് ഉള്ളത്. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് ജനങ്ങളുടെ സംസാര വിഷയമാണ് ആസ്പിരന്റ്സ് സീസൺ 2.
ആസ്പിരന്റ്സ് സീസൺ 2 വിൽ അഞ്ച് എപ്പിസോഡ് ആണുള്ളത്. റിലീസ് ചെയ്തതു മുതൽ കഥയും മികച്ച കഥാപാത്രങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് സീരിസ്. ആസ്പിരന്റ്സിന്റെ ആദ്യ സീസണും മികച്ച കയ്യടി നേടിയിരുന്നു. ദി വൈറൽ ഫീവർ ആണ് ഈ സീരിസിന്റെ സൃഷ്ടാക്കൾ. സംവിധാനം നിർവഹിച്ചിരിക്കുന്നത് അപൂർവ് സിങ് കാർക്കിയാണ്.
യു.പി.എസ്.സി പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഈ വെബ് സീരിസിന്റെത്. കോട്ട ഫാക്ടറിക്ക് സമാനമായാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. സീരിസിലെ പഴയ അഭിനേതാക്കൾ തന്നെയാണ് സീസൺ 2വിലും ഉള്ളത്. പ്രധാന കഥാപാത്രങ്ങളായ നവീൻ കസ്തൂരിയ, ശിവങ്കിത് സിങ് പരിഹാർ, അഭിലാഷ് തപ്ലിയാൽ എന്നിവരും സപ്പോർട്ടിങ് കഥാപാത്രങ്ങളായി സണ്ണി ഹിന്ദുജയും നമിതാ ദുബെയും അഭിനയിക്കുന്നു. സീരീസിനെ ആസ്വാദ്യകരമാക്കുന്നതിൽ പ്രധാപങ്കുവഹിക്കുന്നത് അതിലെ ഹാസ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.