തന്റെ പേരിൽ പ്രചരിച്ച വ്യാജ വാർത്തയെക്കുറിച്ച് നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന. കരിയറിന്റെ തുടക്കകാലത്ത് അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പാർട്ടിയിൽ നൃത്തം ചെയ്തിട്ടുണ്ടെന്ന് വാർത്ത വന്നതിനെക്കുറിച്ചാണ് നടി പറഞ്ഞത്. വ്യാജ വാർത്തകളെ കുറിച്ച് സംസാരിക്കവെയാണ് തന്റെ പേരിൽ പ്രചരിച്ച പഴയ സംഭവം വെളിപ്പെടുത്തിയത്.
' നിരവധി വ്യാജ വാർത്തകൾ നാം കണ്ടിട്ടുണ്ട്. മുമ്പൊരിക്കൽ ദുബൈയിലെ ദാവൂദിന്റെ പാർട്ടികളിൽ ഞാൻ നൃത്തം ചെയ്തിട്ടുണ്ടെന്ന് ഒരു മുഖ്യധാരാ ടെലിവിഷൻ ചാനലിൽ വാർത്ത വന്നു. ഗുസ്തി മത്സരം കാണുന്നതിന് തുല്യമാണ് എന്റെ നൃത്തമെന്നാണ് കുട്ടികൾ പോലും പറയുന്നത്. ഒരു കാര്യം വാർത്താ ചാനലുകൾ അറിഞ്ഞിരിക്കണം, ദാവൂദ് കൂടുതൽ വിദഗ്ധരായ കലാകാരന്മാരെ തിരഞ്ഞെടുക്കുമെന്ന്. ഇത് വ്യാജ വാർത്തകളുടെ ലോകമാണ്'- ട്വിങ്കിൾ ഖന്ന പറഞ്ഞു.
മുമ്പൊരിക്കൽ ഈ വിഷയത്തിൽ നടൻ അക്ഷയ് കുമാറും പ്രതികരിച്ചിരുന്നു.അധോലോക നായകൻ നടത്തിയ പാർട്ടികളിൽ തന്റെ ഭാര്യ പങ്കെടുത്തുവെന്ന വാർത്ത അസത്യമാണെന്നാണ് നടൻ പറഞ്ഞത്.
ട്വിങ്കിൾ ഖന്ന ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ അക്ഷയ് കുമാറുമായുള്ള വിവാഹം. തുടർന്ന് അഭിനയം വിട്ട് നടി എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞു. മിസിസ് ഫണ്ണിബോൺസ്, ദ ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ്, പൈജാമാസ് ആർ ഫോർഗിവിംഗ് എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ ട്വിങ്കിൾ പുറത്തിറക്കിയിട്ടുണ്ട്. ആരവ് കുമാർ, നിതാര എന്നിവരാണ് അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.