നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് ചെന്നൈ സൈബർ പൊലീസിെൻറ പിടിയിലായത്. ആര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതി രംഗത്തെത്തിയിരുന്നു. ആര്യ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നായിരുന്നു അവർ പരാതിപ്പെട്ടത്. എന്നാൽ, ആര്യയെന്ന വ്യാജേന പ്രതികൾ യുവതിയെ തട്ടിപ്പിനിരയാക്കുകയായിരുന്നു.
ചെന്നൈ സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഓൺലൈൻ വഴി പരിചയപ്പെട്ടാണ് ഇരുവരും ചേർന്ന് യുവതിയിൽ നിന്ന് 65 ലക്ഷം തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് യുവതി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആര്യ ആണെന്ന വ്യാജേനയാണ് പ്രതികൾ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത്. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോൾ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകിയതായി യുവതി പരാതിയിൽ പറയുന്നു.
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ സൈബർ പൊലീസ് അര്യയെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ചാറ്റിങ് നടത്തിയ കമ്പ്യൂട്ടറിന്‍റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.