ഒരലമ്പ് വർത്തമാനം ഭയന്നു; ആ രംഗത്തിന് ശേഷം തീവ്രമായ ഒരു നിശബ്ദതയായിരുന്നു, കാതൽ കരയിച്ചു-വി.എ ശ്രീകുമാർ

മ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ കാതലിനെ പ്രശംസിച്ച് സംവിധായകൻ വി.എ ശ്രീകുമാർ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂക്ക സ്ക്രീനിൽ കരഞ്ഞാൽ തിയറ്ററാകെ കരയുമെന്നും ചിത്രം അവസാനിക്കും വരെ തിയറ്ററിലാകെ നിലയ്ക്കാത്ത കൈയടികളോടെ തീവ്രമായ ഒരു നിശബ്ദതയായിരുന്നെന്നും വി. എ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

കുട്ടായിയെ കൊണ്ട് വണ്ടി ഓടിക്കെടാ.......... എന്ന തെറി, തങ്കനോട് പറഞ്ഞപ്പോൾ, ഒരു മറു കമന്റ് അല്ലെങ്കിൽ ഒരലമ്പ് വർത്തമാനം തിയറ്ററിൽ ഉണ്ടാകുമോ എന്നു ഞാൻ ഭയന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. അപ്പോൾ തങ്കൻ അനുഭവിച്ച വേദനയാണ് തിയറ്ററിനെ നോവിച്ചത്. തിരികെ കാറോടിക്കുമ്പോൾ ഞാൻ ആലോചിച്ചത് ആ കൈയടിയെപ്പറ്റിയാണെന്നും സംവിധായകൻ കുറിപ്പിൽ പറയുന്നു.

'നിലയ്ക്കാത്ത കൈയടികളോടെ അവസാനിക്കും വരെ, തീവ്രമായ ഒരു നിശബ്ദതയായിരുന്നു തിയറ്ററാകെ. ആ കയ്യടിയാവട്ടെ, തിരിച്ചറിവിന്റെ പാരമ്യവുമായിരുന്നു. കുട്ടായിയെ കൊണ്ട് വണ്ടി ഓടിക്കെടാ- എന്ന തെറി, തങ്കനോട് പറഞ്ഞപ്പോൾ, ഒരു മറു കമന്റ്, ഒരലമ്പ് വർത്തമാനം തിയറ്ററിൽ ഉണ്ടാകുമോ എന്നു ഞാൻ ഭയന്നു. ഇല്ല, അങ്ങനെയൊന്നും ഉണ്ടായില്ല. അപ്പോൾ തങ്കൻ അനുഭവിച്ച വേദനയാണ് തിയറ്ററിനെ നോവിച്ചത്. തിരികെ കാറോടിക്കുമ്പോൾ ആലോചിച്ചത് ആ കയ്യടിയെപ്പറ്റിയാണ്. ആർക്കുള്ള കയ്യടിയാണ് അതെന്നാണ്. വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേത്. അതിരിന് പുറത്ത് പ്രബലസമൂഹം നിർത്തിയ കാര്യമാണ് തുറന്നു പറയുന്നത്. മാത്യുവിനെ പോലെ, സമൂഹത്തിനാകെ പേടിയാണ് ആ സത്യത്തെ. തുറന്നു പറഞ്ഞ് സ്വതന്ത്രമാകാൻ കെൽപ്പില്ലാത്ത സമൂഹം തിയറ്ററിൽ കൂട്ടമായിരുന്ന് കയ്യടിച്ചത്, ഒരു തുറവിയാണ്.

മമ്മൂക്ക സ്ക്രീനിൽ കരഞ്ഞാൽ തിയറ്ററാകെ കരയും. ചാച്ചനമുമായുള്ള മാത്യുവിന്റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്തപ്പോൾ, കരയാത്തവരായി തിയറ്ററിൽ ആരാകും ഉണ്ടായിരുന്നിരിക്കുക. ഞാൻ കരഞ്ഞു. ആ കരച്ചിലിനൊടുവിൽ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കൈയടി.

ജിയോ ബേബിക്ക്, എഴുത്തിന്. ആഴം കാട്ടിയ ദൃശ്യങ്ങൾക്ക്. സുധിക്ക്. ഓമനയ്ക്ക്- എല്ലാവർക്കും കൈടിയുണ്ടായിരുന്നു. ഞാനും കൈയടിച്ചു ബാക്കി എല്ലാത്തിനും ഒപ്പം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്. അങ്ങേയ്ക്ക് സാധ്യമായ ഈ ധീരത, അതിന്റെ പേരാണ് സ്ക്രീനിൽ അവസാനം തെളിഞ്ഞ ബോർഡിൽ ഉണ്ടായിരുന്നത്- ചരിത്രവിജയം. മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു. ആ മാത്യുവിന് വീണ്ടും കൈയടി.

മാറിയ കേരളത്തെ സൂചിപ്പിക്കുന്നുണ്ട് കാതൽ. തിയറ്ററിലെ നിശബ്ദതയും ഒടുവിലെ നിലയ്ക്കാത്ത കൈയടിയും മാറിയ കേരളത്തിനുള്ളതാണ്. ഉൾക്കൊള്ളുക, എന്ന മഹത്തായ മൂല്യം നാം ഒരു സമൂഹം എന്ന നിലയിൽ ആർജ്ജിക്കുന്നു. അതെ, നാം കയ്യടിച്ചത് നമുക്ക് തന്നെയാണ്. നന്ദി മമ്മൂക്ക, നയിച്ചും നിർമ്മിച്ചും കാതൽ സാധ്യമാക്കിയതിന്' -വി. എ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമനയായിട്ടാണ് ജ്യോതിക എത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.

Tags:    
News Summary - V. A Sreekumar Pens About Kaathal Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.