'മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ മികച്ച സിനിമ'; 'വര്‍ഷങ്ങള്‍ക്ക് ശേഷം' നിര്‍മാതാവ് ആവശ്യപ്പെട്ടത് 15 കോടി, ആരോപണവുമായി തമിഴ് നിർമാതാവ്

വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' തമിഴ് നാട്ടിൽ റിലീസ് ചെയ്യാൻ വേണ്ടി നിർമാതാവ് വൈശാഖ് സുബ്രഹ്മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് നിർമാതാവ് ജി ധനഞ്ജയന്‍.'മഞ്ഞുമ്മല്‍ ബോയ്‌സ്' വിജയകരമായി ഓടിക്കൊണ്ടിരുന്ന സമയത്തായിരുന്നു വൈശാഖ് സുബ്രഹ്മണ്യത്തെ സമീപിച്ചതെന്നും 15 കോടിയാണ് ചോദിച്ചതെന്നും അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാളം സിനിമകള്‍ക്ക് ഒരു കോടി നല്‍കുന്നതുതന്നെ അധികമാണെന്നും തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് നേടിയ വിജയമാണ് ഇത്രയും വമ്പൻ തുക ചോദിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ട്രെയിലര്‍ കാണുന്നത് . അത് എനിക്ക് ഇഷ്ടപ്പെട്ടു. തുടർന്ന് നിർമാതാവിനെ വിളിക്കുകയായിരുന്നു. സിനിമ തമിഴ്നാട്ടിൽ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.റീസണബിളായ ഒരു പൈസ പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. 15 കോടിയാണ് അദ്ദേഹം ചോദിച്ചത്. മലയാളത്തില്‍ പറഞ്ഞതുകൊണ്ട് ആദ്യം എനിക്ക് മനസിലായില്ല. 15 ആണോ 1.5 ആണോ എന്ന് ഞാന്‍ എടുത്ത് ചോദിച്ചു. 15 കോടിയാണ് എന്ന് പറഞ്ഞു. ആരെങ്കിലും 15 കോടി തന്നാല്‍ കൊടുത്തേക്കാന്‍ ഞാന്‍ പറഞ്ഞു.

ഇത് മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു നിര്‍മാതാവ് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സിന് 13- 14 കോടി രൂപയാണ് കൊടുത്തത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു അത്ഭുതമാണ്. അതുപോലെയാകില്ല മറ്റു സിനിമകള്‍. മലയാളം സിനിമകള്‍ക്ക് ഒരു കോടി നല്‍കുന്നതുതന്നെ അധികമാണ്.

ഞാനിത് എന്റെ ഡിസ്ട്രിബ്യൂട്ടര്‍ ടീമില്‍ സംസാരിച്ചിരുന്ന. അവര്‍ എന്നോട് ചോദിച്ചത് സാറിന് വട്ടാണോ എന്നാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് പറയുന്നത് ഒരു മാജിക്കായിരുന്നു. മറ്റൊരു സിനിമക്ക് അതെങ്ങനെയാണ് നേടാനാവുക. ആവേശം പടത്തിനു തന്നെ ഒരു കോടി നല്‍കിയത് അധികമാണ്. ചിത്രം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും. പ്രേമലുവിന് 2-3 കോടിയാണ് കൊടുത്തത്. മൊത്തം അഞ്ച് കോടിയില്‍ അധികമാണ് നേടിയത്. ഇവര്‍ 15 കോടിയാണ് ചോദിച്ചത്. പലരും ട്രൈ ചെയ്‌തെങ്കിലും 15 കോടിയായതിനാല്‍ ആരും അതു വഴി പോയില്ല. അവസാനം ചിത്രം ഫ്രീ റിലീസ് ചെയ്യുകയായിരുന്നു. 50 ലക്ഷമാണ് നല്‍കിയത്.' - ധനഞ്ജയന്‍ പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം 70 കോടിയാണ് തിയറ്ററുകളിൽ നിന്ന് നേടിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻ ലാൽ, നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമാ മോഹവുമായി മദിരാശിയിലെത്തുന്ന രണ്ട് സുഹൃത്തുകൾ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Tags:    
News Summary - Varshangalkku Shesham producer demanded Rs 15 crore for Tamil Nadu rights, reveals producer Dhananjayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.