കൊച്ചി : ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയിൽ സാങ്കേതിക പിഴവിനെത്തുടർന്ന് പേര് പരാമർശിക്കാതെ പോയ മലയാളിയായ സൗണ്ട് മിക്സർ ബിബിൻ ദേവിന് തിങ്കളാഴ്ച ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്കാരം സമ്മാനിക്കും.
പാർഥിപൻ നായകനായ തമിഴ് ചിത്രം "ഒത്ത സെരുപ്പ് സൈസ് 7' എന്ന തമിഴ് സിനിമയുടെ റീ റെക്കോർഡിങ്ങിനായിരുന്നു ബിബിൻ ദേവിന് പുരസ്കാരം ലഭിച്ചത്. റസൂൽ പൂക്കുട്ടിയും ബിബിനും ചേർന്ന് റീ റെക്കോർഡിങ് നിർവഹിച്ച സിനിമയ്ക്ക് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ പരാമർശിച്ചത് പൂക്കുട്ടിയുടെ പേര് മാത്രവും. അവാർഡ് പ്രഖ്യാപനം വന്ന ഉടനെ തന്നെ താനും ബിബിൻ ദേവും ചേർന്നാണ് ചിത്രം ചെയ്തതെന്നും അവാർഡ് ബിബിൻ ദേവിന് കൂടി അർഹതപ്പെട്ടതാണെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു.
അവാർഡ് നിർണയത്തിന് സിനിമയുടെ അണിയറപ്രവർത്തകരുടെ പേരും വിവരങ്ങളും അയച്ചപ്പോൾ ബിബിൻ ദേവിന്‍റെ പേര് വിട്ടുപോവുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് ക്ലെറിക്കൽ പിഴവുമൂലം നഷ്ടപ്പെട്ടതിെൻറ നിരാശയിലായിരുന്നു ബിബിൻ ദേവ് ഇതുവരെ. അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തണമെന്ന് പറഞ്ഞുകൊണ്ടുള്ള വിളി വന്നതോടെ ഏറെ നീണ്ട ആശങ്കയും ആകാംക്ഷയും ആഹ്ളാദത്തിലേക്ക് വഴിമാറി.
എറണാകുളം ജില്ലയിലെ അങ്കമാലി കിടങ്ങൂർ സ്വദേശിയായ ബിബിൻ ദേവ് 15 വർഷത്തോളമായി മുംബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഷെർനി, ട്രാൻസ്, യന്തിരൻ 2.0, ഒടിയൻ, മാമാങ്കം, മാസ്റ്റർപീസ്, കമ്മാരസംഭവം തുടങ്ങി വമ്പൻ സിനിമകളുടെ ശബ്ദമിശ്രണം നിർവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.